കോഴിക്കോട്: താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ബഫര്‍സോണ്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പ്രാദേശിക നേതൃത്വം. താമരശേരി ബിഷപ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജനജാഗ്രത യാത്രയില്‍ കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു. സമരത്തിന് രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും എന്നാല്‍, രാഷ്ട്രീയവത്കരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ മാത്രം നിലപാടല്ല. പലനേതാക്കള്‍ക്കും ഈ നിലപാടാണ്. പലരും പേടികൊണ്ടാണ് പുറത്ത് പറയാത്തത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന ആവശ്യം ന്യായമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ ഒരു നിയമത്തിനുമുന്നിലും തോല്‍ക്കില്ലെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ജീവനുള്ള കാലക്കോളം ബഫര്‍സോണ്‍ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സര്‍ക്കാരിനു മുന്നിലും തോല്‍ക്കില്ല. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാനും മടിയില്ല. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമെന്നും കോഴിക്കോട് കൂരാച്ചുണ്ടില്‍ ബഫര്‍സോണ്‍ വിരുദ്ധ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്ത് ബിഷപ് പറഞ്ഞു.
അതിനിടെ, ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഉപഗ്രഹ സര്‍വേയ്ക്ക് പകരം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തണം എന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ അന്തിമ നിയമം ആകാതിരിക്കാന്‍ സര്‍ക്കാരുകള്‍ ജഗ്രത കാട്ടണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. ബഫര്‍ സോണില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന് പറഞ്ഞു.