തിരുവനന്തപുരം: കാണാതായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയ വനിത എസ്.ഐയെ മര്‍ദിച്ചെന്ന പരാതിയില്‍ ഇരുപതിലധികം അഭിഭാഷകര്‍ക്കെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. അഭിഭാഷകരായ പ്രണവ്, സെറീന, മുരളി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 20 ഓളം അഭിഭാഷകര്‍ക്കും എതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലാണ് വലിയതുറ എസ്.ഐ അലീന സൈറസിന് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (2)ക്കു മുന്നിലായിരുന്നു സംഭവം. പ്രണവ് എന്ന അഭിഭാഷകന് തന്നെ അസഭ്യം പറഞ്ഞതായി മജിസ്ട്രേട്ടിന് എസ്.ഐ പരാതി നല്കി. ഇതില്‍ പ്രകോപിതരായ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് എത്തി വനിത എസ്.ഐയെ മര്‍ദിച്ചുവെന്നാണ് പരാതി. വീട്ടില്‍ നിന്നും കാണാതായ വള്ളക്കടവ് സ്വദേശിനിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയതായിരുന്നു എസ്.ഐ. അതേസമയം, മറ്റൊരു കേസിലെ പ്രതിക്കെതിരേ വലിയതുറ പോലീസ് നടപടി സ്വീകരിച്ചതില്‍ പ്രകോപിതനായാണ് പ്രതിയുടെ അഭിഭാഷകന് പ്രണവ് എസ്.ഐക്ക് നേരെ എത്തിയത്.
പൊതു പ്രവര്‍ത്തകനെ ബോംബെറിഞ്ഞ കേസില്‍ വലിയതുറ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതിക്കെതിരേ തുടര്‍നടപടികള്‍ പാടില്ലെന്നായിരുന്നു പ്രണവിന്റെ ആവശ്യം. ഇതിനൊപ്പം അസഭ്യം പറയുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തു. അസഭ്യം പറഞ്ഞതിന് പ്രണവിനെതിരെ എസ്.ഐ അലീന മജിസ്ട്രേട്ടിനു പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രണവ് ഇരുപതോളം അഭിഭാഷകരെ കൂട്ടി എസ്.ഐയെ വീണ്ടും ഭിഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തില്‍ എസ്.ഐ അലീന വഞ്ചിയൂര്‍ കോടതിയിലും പരാതി നല്കി. അസഭ്യം പറയുകയും കൈപിടിച്ച് വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി. യൂണിഫോമില്‍ പിടിച്ചുവലിച്ചതായും പരാതിയില്‍ പറയുന്നു. വനിത എസ്.ഐ മര്‍ദിച്ചുവെന്നാരോപിച്ച് മറ്റൊരു അഭിഭാഷക ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.