മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27ന് തുടക്കമാകും
പുതുവർഷത്തിൽ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഇടമാണ് ഹംപി! കണ്ണത്തുന്ന ഇടത്തെല്ലാം കാണുവാനുള്ളത് കല്ലിന്‍റെ കാഴ്ചകൾ മാത്രം… നാലുപാടും കല്ലും കൽക്കൂട്ടങ്ങളും… അതിനിടയിലൂടെ തുംഗഭദ്രാ നദി. കാലത്തിന്‍റെ ഒരുകൂട്ടം സ്മരണകളും ശേഷിപ്പുകളുമായി ലോകം തേടിയെത്തുന്ന ഹംപിയിലെ കാഴ്ചകളെല്ലാം കല്ലിലാണ്. കല്ലിൽ ചരിത്രം കോറിയിട്ട നാട്. വിജയനഗരസാമ്രാജ്യത്തിന്റെ ഗംഭീരമായ നീക്കിയിരുപ്പുകൾ ഇവിടെ കാണാം. ക്ഷേത്രങ്ങളായും കൊട്ടാരങ്ങളായും മാർക്കറ്റും സംഗീതം പൊഴിക്കുന്ന തൂണുകളും രഥവുമായി അതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ചകളിലേക്ക് ഒരു കടന്നുചെല്ലൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ഒരിക്കൽ ഹംപിയിൽ പോയിട്ടുള്ളവർക്കും ഒരിക്കലെങ്കിലും കാണുവാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുവാൻ പറ്റിയ അവസരമാണ് ഹംപി ഉത്സവ്!
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27, 28, 29 തീയതികളിൽ നടക്കും. നേരത്തെ, ജനുവരി 7, 8 തീയതികളിൽ ഉത്സവം ആഘോഷിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഗായത്രി പീഠം, വിരൂപാക്ഷേശ്വര ക്ഷേത്രം, എഡുർ ബസവണ്ണ ക്ഷേത്രം എന്നീ മൂന്ന് സ്ഥലങ്ങളിൽ ആയാണ് ഇത്തവണത്തെ ഹംപി ഉത്സവ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ് ഹംപി ഉത്സവ്. വിജയനഗര സാമ്രാജ്യത്തിന്റെ കാലം മുതൽ ഉത്സവം ആഘോഷിക്കപ്പെടുന്നുവെന്നെന്നാണ് കരുതുന്നത്. കർണാടകയിലെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹംപി ഉത്സവ്. സംഗീതവും നൃത്തവും ആഘോഷവും കൂടിച്ചേരലുകളുമുള്ള മൂന്നു ദിവസങ്ങളാണ് ഇത് സന്ദര്‍ശകർക്കായി നല്കുന്നത്.
രാത്രിയിൽ ദീപാലങ്കാരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ, ജംബോ സവാരി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായകർ, നർത്തകർ, കലാകാരന്മാർ എന്നിവരുടെ പ്രകടനങ്ങൾ,പട്ടം പറത്തൽ, വാട്ടർ സ്‌പോർട്‌സ്, ഫുഡ് കോർട്ടുകൾ, ഫോട്ടോഗ്രാഫി മത്സരം, രംഗോലി/മെഹന്തി മത്സരം തുടങ്ങിയവ ഉൾപ്പെടുന്നു. ഹംപി ഉത്സവത്തിന് പുറമെ വിരൂപാക്ഷ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, ലക്ഷ്മി നരസിംഹ ക്ഷേത്രം, ലോട്ടസ് മഹൽ, എലിഫന്‍റ് സ്റ്റേബിൾസ്, ക്വീൻസ് മഹൽ, ശശിവേകലു ഗണേഷ, ഹസാര രാമ ക്ഷേത്രം, അച്ചുതരായ ക്ഷേത്രം, മാതംഹ ഹില്‍സ് തുടങ്ങിയ സ്ഥലങ്ങളും ഹംപിയിൽ കാണാനുണ്ട്.
ഹംപിയിൽ എത്തിച്ചേരാൻ
ബാംഗ്ലൂരിൽ നിന്ന് 341 കിലോമീറ്റർ അകലെയാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് ഹോസ്പേട്ട് റെയില്‍വേ സ്റ്റേഷനിലേക്കു സർവീസുകൾ ലഭ്യമാണ്. ഹോസ്പേട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് ഹംപിയിലേക്ക്. ഈ ദൂരം ഓട്ടോയിലോ ബസിലോ പോകാം. ഹോസ്പേട്ടിൽ നിന്നും നിരന്തരം ഹംപിയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.