സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീര്‍; പാക്ക് ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവി; നിയമനം അഞ്ചുവര്‍ഷത്തേക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബറിന് രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കാനുള്ള ശുപാര്‍ശയും ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു.
കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീര്‍. കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്.
നവംബറില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗം ഭരണഘടനയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്താണ് സിഡിഎഫ് പദവി സൃഷ്ടിച്ചത്. ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി മാസങ്ങള്‍ക്കുള്ളിലാണ് അസിം മുനീറിന് ഈ പുതിയ നിയമനം. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ച രണ്ടാമത്തെ മാത്രം സൈനിക ഉദ്യോഗസ്ഥനാണ് അസിം മുനീര്‍. ജനറല്‍ അയൂബ് ഖാനാണ് ഈ പദവി ലഭിച്ച ആദ്യ വ്യക്തി. 1959 ലാണ് അയൂബ് ഖാന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത്.






