മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റാനും ബേസിലിന് സാധിച്ചിരുന്നു. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിലിനെ തെരഞ്ഞെടുത്തത് ഓരോ മലയാളികൾക്കും അഭിമാനത്തിന് കാരണമായി. ഈ അവസരത്തിൽ ബേസിനെ കുറിച്ച് നടൻ ടൊവിനോ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളർച്ചയെ നോക്കി കാണുന്നതെന്ന് ടൊവിനോ പറയുന്നു. ‘‘ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനിൽ കാണുന്നതിൽ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ.’’എന്നാണ് ടൊവിനോ തോമസ് കുറിച്ചത്.
View this post on Instagram
ടൊവിനോയുടെ പോസ്റ്റിന് മറുപടിയുമായി ബേസിലും രംഗത്തെത്തി. ‘‘നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞു… .സെഡ് ആയി’’ എന്നായിരുന്നു ടൊവിനോയുടെ കുറിപ്പിന് ബേസിലിന്റെ മറുപടി. ബേസിലിന്റെ മറുപടിയും ടൊവിനോയുടെ കുറിപ്പും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഏഷ്യൻ അക്കാദമി അവാർഡ് ബേസിൽ സ്വീകരിച്ചത്. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയാണ് ബേസിലിനെ അംഗീകാരത്തിന് അർഹനാക്കിയത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും ബേസിൽ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ‘ജയ ജയ ജയ ജയ ഹേ’ ആണ് ബേസിൽ ജോസഫിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദർശന രാജേന്ദ്രൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്.