KeralaNEWS

ശ്രീനിജന്റെ പരാതിയില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്; മുന്‍കൂര്‍ ജാമ്യം തേടില്ലെന്ന് കിറ്റെക്‌സ് സാബു

കൊച്ചി: ജാതി അധിക്ഷേപം നടത്തിയെന്ന കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി 20 നോതാവ് സാബു എം ജേക്കബിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ശ്രീനിജന്‍ ട്വന്റി 20 നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയത്. എന്നാല്‍, എംഎല്‍എയെ പൊതുവേദിയില്‍ അപമാനിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്നുമാണ് സാബു എം ജേക്കബിന്റെ പ്രതികരണം.

ട്വന്റി 20യും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവവികാസമാണ് ശ്രീനിജന്റെ പരാതിയും കേസും. ഇതോടെ ട്വന്റി 20യും സാബു എം ജേക്കബും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കര്‍ഷകദിനത്തില്‍ ഐക്കരനാട് കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വേദി വിടുകയായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്ന് കാട്ടിയാണ് എംഎല്‍എ പരാതി നല്‍കിയത്.

Signature-ad

സംഭവത്തിന് പിന്നാലെ തന്നെ ശ്രീനിജന്‍ പരാതി നല്‍കിയിരുന്നെങ്കിലും ജാതി വിവേചനമില്ലെന്ന കണ്ടെത്തലില്‍ പോലീസ് കേസെടുത്തില്ല. തുടര്‍ന്ന് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് നടപടി വരുന്നത്. ട്വന്റി 20 പാര്‍ട്ടി അദ്ധ്യക്ഷന്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.

സാബു എം ജേക്കബിന് പുറമെ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, മൂന്ന് മെമ്പര്‍മാര്‍ എന്നിവരാണ് പുത്തന്‍കുരിശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. സാബു എം ജേക്കബ് ഉള്‍പ്പെടെയുള്ള ട്വന്റി 20 പ്രവര്‍ത്തകര്‍ പല വട്ടം തനിക്കെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയെന്നും അധിക്ഷേപിച്ചെന്നും എംഎല്‍എയുടെ പരാതിയിലുണ്ട്.

താന്‍ നേരിടുന്നത് സാമൂഹിക വിലക്കാണെന്നും തന്നെ പൂട്ടിയിടണമെന്നും ശത്രുവാണെന്നും സാബു പറഞ്ഞിട്ടുണ്ടെന്നും ശ്രീനിജന്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സാബു എം ജേക്കബ് എംഎല്‍എയെ പൊതുവേദിയില്‍ അപമാനിച്ചിട്ടില്ലെന്നാണ് പറയുന്നത്. പരിപാടിയില്‍ ശ്രീനിജനെ ക്ഷണിച്ചിരുന്നില്ല. ജാതി ബഹിഷ്‌ക്കരണമല്ല ഞങ്ങളെ ഉപദ്രവിക്കുന്നവരെയാണ് ബഹിഷ്‌ക്കരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ നിന്നും നേതാക്കള്‍ ഇറങ്ങിപ്പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജാതി അധിക്ഷേപം നടത്തിയെന്ന കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തെറ്റ് ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ല. പഞ്ചായത്തില്‍ സഖാക്കന്മാരായ ഉദ്യോഗസ്ഥന്മാരെ നിയമിച്ച് ഒരു സമാന്തരമായ ഭരണത്തിനാണ് ശ്രീനിജന്‍ ശ്രമിക്കുന്നതെന്നും സാബു എം ജേക്കബ് നിലവിലെ സംഭവ വികാസങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

 

Back to top button
error: