
മുംബൈ: നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ ഖാപ്രി മെട്രോ സ്റ്റേഷനില്‍ രണ്ട് മെട്രോ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് നാഗ്പൂര്‍ മെട്രോ പ്രധാനമന്ത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ചടങ്ങില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഖാപ്രിയില്നിന്ന് ഓട്ടോമോട്ടീവ് സ്ക്വയറിലേക്കും പ്രജാപതി നഗറില്‍നിന്ന് ലോക്മാനിയ നഗറിലേക്കുമുള്ള മെട്രോയാണ് മോദി ഫ്ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ ഫ്രീഡം പാര്‍ക്കില്‍നിന്ന് ഖാപ്രിയിലേക്ക് മെട്രോയില്‍ മോദി യാത്രചെയ്യുകയും ചെയ്തു. സ്റ്റേഷന് കൗണ്ടറില്‍നിന്ന് സ്വയം ടിക്കറ്റ് എടുത്തശേഷമാണ് മോദി മെട്രോയില്‍ കയറിയത്. യാത്രയില്‍ വിദ്യാര്‍ഥികളോടും മറ്റ് യാത്രക്കാരോടും സംവദിക്കുന്ന മോദിയുടെ വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
നാഗ്പൂര്‍ മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടന വേളയില്‍ നാഗ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും മെട്രോ യാത്ര സുഖകരവും സൗകര്യപ്രദവുമാണെന്നും ഉദ്ഘാടനത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു. 8650 കോടിയിലേറെ ചെലവഴിച്ചാണ് നാഗ്പൂര്‍ മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. 6700 കോടി രൂപയോളം ചെലവഴിച്ചാണ് രണ്ടാംഘട്ട നിര്‍മാണം.
മെട്രോയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മഹാരാഷ്ട്രയില്‍ രാജ്യത്തെ ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിര്വച്ചിരുന്നു. നാഗ്പൂരില്‍ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുരിലേക്കുള്ള വന്ദേഭാരത് ട്രെയിനാണ് മോദി ഫ്ളാഗ് ഓഫ് ചെയ്തത്. നാഗ്പൂര്‍ എയിംസ് ഞായറാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിക്കും.






