KeralaNEWS

മില്‍മ ഉത്പന്നങ്ങള്‍ക്കു വില കൂടി; പാല്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങള്‍ക്കും വില കൂട്ടി.

ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25 രൂപ (22), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടും നീല പായ്ക്കറ്റ്) പുതിയ വില 26 രൂപ (23), കൗ മില്‍ക്ക് (പശുവിന്‍പാല്‍) പുതിയ വില 28 രൂപ (25), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (25). നിലവിലെ വിലയേക്കാള്‍ ഏകദേശം അഞ്ചു രൂപ മൂന്നു പൈസയാണ് കര്‍ഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.

പാലിന് ആറു രൂപ കൂട്ടാന്‍ കഴിഞ്ഞാഴ്ചയാണ് മന്ത്രിസഭ അനുമതി നല്‍കിയത്. സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിന് നേരത്തെ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിരുന്നു. പഠനറിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലാ യൂണിയനുകളുടെയും ചെയര്‍മാന്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തതായി മില്‍മ ചെയര്‍മാന്‍ അറിയിച്ചിരുന്നു.

 

 

 

 

Back to top button
error: