മുംബൈ: ദക്ഷിണ കൊറിയന്‍ യൂട്യൂബര്‍ക്കു നേരെ മുംബൈയിലെ തെരുവില്‍ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ട് സബേര്‍ബന്‍ ഖാര്‍ മേഖലയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല മീഡിയയില്‍ വൈറലാണ്. നഗരത്തില്‍ ലൈവ് വീഡിയോ എടുത്തിരുന്ന യുവതിയുടെ കൈയില്‍ ഒരാള്‍ കയറിപ്പിടിക്കുന്നതടക്കം ദൃശ്യങ്ങളാണ് പുറത്തുവന്നത്. മ്യോചി എന്ന യുവതിയുടെ നേര്‍ക്കാണ് അക്രമം ഉണ്ടായതെന്ന് പിന്നീട് അവര്‍ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തല്‍സമയം കാണുകയും ചെയ്തു.
ലൈവ് വീഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്. പ്രതിഷേധിച്ചിട്ടും യുവതിയുടെ കയ്യില്‍ക്കയറി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവ് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തതയോടെ സ്ഥലത്തുനിന്ന് യുവതി പോകാന്‍ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിനോട് ”എന്റെ വീട് അടുത്തുതന്നെയാണെന്ന” മറുപടി യുവതി നല്‍കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളും അറസ്റ്റിലായതായി മുംബൈയ് പോലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. മൊബീന്‍ ചന്ദ് മൊഹമ്മദ് ഷെയ്ഖ്, മൊഹമ്മദ് നഖീബ് സദ്രിയാലം അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.