ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.
ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1989ല്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത് രാജ്യാന്തര തലത്തില്‍ ചൈന വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത് ആഭ്യന്തരമായ ഭിന്നപ്പിനു വഴിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തില്‍ മധ്യസ്ഥന്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും ജിയാങ് സെമിന്റെ ഉയര്‍ച്ച.
ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ജിയാങ് സെമിന്‍ പത്തു വര്‍ഷം രാജ്യത്തെ നയിച്ചു. 1997ല്‍ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.