KeralaNEWS

മേയറെ സംരക്ഷിച്ച് സര്‍ക്കാര്‍; കത്ത് കേസില്‍ സി.ബി.ഐ വേണ്ടെന്ന് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമനത്തില്‍ പാര്‍ട്ടിപ്പട്ടിക തേടി അയച്ച കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താന്‍ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയര്‍ മൊഴി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം.

കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍തന്നെ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കേസ് അന്വേഷിക്കാനുള്ള സമയം ക്രൈംബ്രാഞ്ചിന് അനുവദിക്കണം. വ്യാജരേഖ ചമച്ചത് ഉള്‍പ്പെടെയുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുപോവുകയാണ്. അതിനിടയില്‍ കോടതി ഇടപെടലോ അന്വേഷണ ഏജന്‍സിയെ മാറ്റുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. കത്ത് മേയര്‍ സ്ഥലത്തില്ലാത്ത സമയത്താണ് തയ്യാറാക്കപ്പെട്ടതെന്നും സര്‍ക്കാര്‍ പറയുന്നു.

കേസില്‍ പരാതി നല്‍കിയ ഉടന്‍തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. ഇത്തരത്തില്‍ പരാതി നല്‍കിയ ഉടന്‍തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക എന്നത് തെറ്റായ കീഴ്വഴക്കമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

കേസില്‍ വിശദമായ വാദം കേള്‍ക്കുകയാണ് ജസ്റ്റിസ് കെ. ബാബു. കത്ത് വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്.

 

 

Back to top button
error: