NEWSSports

ലോകകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തര്‍

ദോഹ: 2022 ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തര്‍. ഗ്രൂപ്പ് എ യില്‍ നെതര്‍ലന്‍ഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയര്‍ കൂടിയാണ് ഖത്തര്‍.

രണ്ട് മത്സരങ്ങളില്‍ നിന്നായി നെതര്‍ലന്‍ഡ്സിനും എക്വഡോറിനും നാല് പോയന്റ് വീതമാണുള്ളത്. ഖത്തറിന് ഇതുവരെ പോയന്റൊന്നും നേടാന്‍ സാധിച്ചിട്ടില്ല. കളിച്ച രണ്ടുമത്സരങ്ങളിലും ടീമിന് പരാജയം നേരിടേണ്ടിവന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാല്‍ പോലും ഖത്തറിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാവില്ല.

നെതര്‍ലന്‍ഡ്സും ഇക്വഡോറും ആദ്യ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയിച്ചാണ് തുടങ്ങിയത്. നെതര്‍ലന്‍ഡ്സ് സെനഗലിനേയും എക്വഡോര്‍ ഖത്തറിനേയുമാണ് പരാജയപ്പെടുത്തിയത്. സെനഗലിന് രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റാണുള്ളത്. അവസാന മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ ഗ്രൂപ്പ് എ യില്‍ നിന്ന് ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുകയുള്ളൂവെന്ന് വ്യക്തമാകൂ.

 

Back to top button
error: