KeralaNEWS

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാളെ ജനകീയ ഹര്‍ത്താല്‍; കോതി മാലിന്യ പ്ലാന്റിനെതിരേ ഇന്നും പ്രതിഷേധം

കോഴിക്കോട്: കോതിയിലെ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരേ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടക്കുക.

മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരേ ഇന്നും നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ഉപരോധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു.

Signature-ad

റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതോടെ സമരക്കാര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. ഇന്നലെ പ്ലാന്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളേയും സമരക്കാര്‍ തടഞ്ഞിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മ്മാണമെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

 

Back to top button
error: