കായംകുളം: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് 04.40 മണിക്ക് കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ കെ എസ് ആർ ടി സി ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്ത പ്രതിയാണ് പിടിയിലായത്.
കണ്ണമംഗലം വില്ലേജിൽ മറ്റം വടക്ക് മുറിയിൽ മറ്റം മഹാദേവ ക്ഷേത്രത്തിന് സമീപം തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസ് (34) ആണ് പൊലീസിന്റെ പിടിയിലായത്. വനിതാ കണ്ടക്ടറോട് നഗ്‌നത പ്രദർശിപ്പിച്ച് അപമര്യാദയായി പെരുമാറിയപ്പോൾ കണ്ടക്ടർ ബഹളം വെക്കുകയും യാത്രക്കാർ കാര്യം തിരക്കിയപ്പോൾ ആൽബർട്ട് ബസിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ചെങ്ങന്നൂർ, മാവേലിക്കര ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
മാവേലിക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പരാതിക്കാരിയേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ ആൽബർട്ട് പൗലോസ് മുമ്പും ഇത്തരത്തിൽ സ്തീകളോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് പിടികൂടിയിട്ടുണ്ട്.
കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീകുമാർ, മുരളീധരൻ നായർ, പോലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പാലക്കാട് കെഎസ്ആർടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിലായിരുന്നു. യാക്കര സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാരിൻറെ കാസർഗോഡ് അഗ്രികൾച്ചർ റിസർച്ച് സെൻററിലെ അറ്റൻഡറാണ് ഇയാൾ. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ വെച്ചാണ് ഇയാൾ കെഎസ്ആർടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്.