ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷായിളവ് കിട്ടി ജയിൽ മോചിതരായ നാല് ശ്രീലങ്കൻ സ്വദേശികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ട്രിച്ചിയിലെ ഡിറ്റെൻഷൻ ക്യാമ്പില്‍ കഴിയുന്ന ഇവരെ തിരികെ അയക്കാനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ട്രിച്ചി കളക്ടർ പ്രദീപ് കുമാർ പറഞ്ഞു.
മോചിതരായ മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് ഡീ പോർട്ട് ചെയ്യുക. രേഖകളില്ലാതെ കണ്ടെത്തുന്ന വിദേശികളെ പാർപ്പിക്കുന്ന ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിലേക്ക് ഇവരെ മാറ്റിയിരുന്നു. അന്നുതന്നെ എമിഗ്രേഷൻ വിഭാഗം ജയിൽ, പൊലീസ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഇവരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവരെ താൽക്കാലികമായി പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചതിനെ തുടർന്ന് ട്രിച്ചി കളക്ടറാണ് ഡീറ്റെൻഷൻ സെന്‍റർ നിർദ്ദേശിച്ചത്.
നാലുപേരുടേയും വിവരങ്ങൾ ശ്രീലങ്കയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അവിടെനിന്ന് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഇവരെ തിരിച്ചയക്കുമെന്നും കളക്ടർ പറഞ്ഞു. ഇതിനിടെ നളിനി ഭർത്താവ് മുരുകനെ കാണാൻ ഇന്ന് ട്രിച്ചി ക്യാമ്പിലെത്തി. മുരുകന് ഇന്ത്യയിൽ തുടരാനുള്ള അനുമതിക്കായി ശ്രമം തുടരുമെന്നും ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് അപേക്ഷിക്കുമെന്നും നളിനി ഇന്നലെ ചെന്നൈയിൽ പറഞ്ഞിരുന്നു.