CrimeNEWS

അതിഥി തൊഴിലാളികളുടെ മൊബൈലും പണവും കവരുന്നയാള്‍ പിടിയില്‍

കോഴിക്കോട്: അതിഥി തൊഴിലാളികളെ ജോലിക്ക് വിളിച്ചുകൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്നയാള്‍ പിടിയിലായി.

താമരശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂനൂര്‍ പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (23) ആണ് താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ താമരശ്ശേരി, കൊടുവള്ളി, പൂനൂര്‍, ഓമശ്ശേരി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ ജോലിക്കായി കേന്ദ്രീകരിക്കുന്ന ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും മറ്റും എത്തി ജോലിക്കാണെന്നുപറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുന്‍കൂട്ടി കണ്ടുവെച്ച ഏതെങ്കിലും ആളില്ലാത്ത ജോലി നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് തന്ത്രപൂര്‍വം മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയാണ് ഇയാളുടെ രീതി.

ഇത്തരത്തില്‍ കവര്‍ച്ചക്കിരയായ നിരവധി അതിഥി തൊഴിലാളികള്‍ പരാതികളുമായി എത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

കവര്‍ച്ച നടന്ന സ്ഥലങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രജിസ്‌ട്രേഷന്‍ ബൈക്ക് ഉപയോഗിച്ചതായി കണ്ടെത്തി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രതി പാലക്കാട് നിന്നും മോഷണം നടത്തിയതാണെന്ന് സമ്മതിച്ചു.

മുമ്പ് ഇയാള്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തോളം മോട്ടോര്‍സൈക്കിളുകള്‍ മോഷണം നടത്തിയ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്. മൊബൈല്‍ ഫോണുകള്‍ പൂനൂരിലുള്ള മൊബൈല്‍ ഷോപ്പുകളില്‍ വില്‍പന നടത്തിയതായി പ്രതി പറഞ്ഞു. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 

 

 

Back to top button
error: