KeralaNEWS

കലക്ടര്‍ അഭ്യര്‍ത്ഥിച്ചു; ആലപ്പുഴയിലെ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് അല്ലു

ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയിലാണ് താരം വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്‌സിങ് പഠന ആഗ്രഹം ‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.

പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്‌സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥിനി.

കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പഠനച്ചെലവിന് മാര്‍ഗമില്ലാത്തതിനാല്‍ സഹായം തേടിയാണ് വിദ്യാര്‍ഥിനിയും കുടുംബവും കലക്ടറെ സമീപിച്ചത്. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ച കലക്ടര്‍ നടന്‍ അല്ലു അര്‍ജുനെ ബന്ധപ്പെടുന്നത്.

വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നല്‍കിയ അല്ലു അര്‍ജുന്‍ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം കലക്ടര്‍ എത്തിയാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.

പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാന്‍ അന്ന് സബ് കളക്ടറായിരുന്ന കൃഷ്ണ തേജ തന്നെ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോര്‍ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികള്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. കോവിഡില്‍ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

 

Back to top button
error: