PravasiTRENDING

ദുബൈയിലെ താമസക്കാര്‍ ഒപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നല്‍കേണ്ടതില്ല; നിബന്ധനയില്‍ മാറ്റം

ദുബൈ: ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവ്. പകരം ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍ മതിയാവും. ശനിയാഴ്ചയാണ് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം മാത്രം നല്‍കിയാല്‍ മതിയെന്നും മറ്റുള്ള വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നുമാണ് അറിയിപ്പ്. ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരവും കെട്ടിടങ്ങളുടെ ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്താനുള്ള ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി, എല്ലാ താമസക്കാരും തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം എത്രയെന്ന് അറിയിക്കണമെന്നും പ്രസ്‍താവനയില്‍ പറയുന്നു.

Signature-ad

വാടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം എല്ലാ കെട്ടിടങ്ങളിലും താമസിക്കുന്നവരുടെ പേരുകളും എമിറേറ്റ്സ് ഐഡികളും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നത്. പുതിയ അറിയിപ്പോടെ ഈ സമയപരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്. DubaiREST ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

Dubai REST ആപ് ഓപ്പണ്‍ ചെയ്ത ശേഷം ആദ്യമായി ഉപയോഗിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം Individual എന്ന ഭാഗം തെരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ലഭിക്കുന്ന ഡാഷ്ബോഡില്‍ നിന്ന് നിങ്ങളുടെ പ്രോപ്പര്‍ട്ടി തെരഞ്ഞെടുക്കണം. തുടര്‍ന്ന് മാനേജ് കോഒക്യുപ്പന്റ്സ് എന്ന മെനു സെലക്ട് ചെയ്ത് എത്ര പേരാണ് ഒപ്പം താമസിക്കുന്നത് എന്ന് രേഖപ്പെടുത്തി Submit ക്ലിക്ക് ചെയ്യാം. നിര്‍ബന്ധമല്ലെങ്കിലും കൂടെ താമസിക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ഇതില്‍ Add more എന്ന് നല്‍കി ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കാം.

Back to top button
error: