തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പെട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ ഫിറോസ്, ജവാദ്, സഫാന്‍ എന്നിവരാണു മരിച്ചത്. ഫിറോസും ജവാദും സഹോദരങ്ങളാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സഫാന്‍. ഫിറോസ് എസ്എപി ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനും ജവാദ് അമ്പലത്തറ യു.പി സ്‌കൂളിലെ അധ്യാപകനുമാണ്.
ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് ഒഴുക്കില്‍പെട്ടത്. സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയേക്കും. മറ്റു മൂന്നു പേരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
എട്ടംഗ സംഘമാണ് പൊന്നുമുടിയിലേക്കു വിനോസഞ്ചാരത്തിനു പുറപ്പെട്ടതെന്നു പോലീസ് പറഞ്ഞു. എന്നാല്‍, അവിടേക്കുള്ള റോഡ് മോശമായതിനാല്‍ കല്ലാറില്‍ എത്തുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നതിനാല്‍ കല്ലാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ പുഴയിലിറങ്ങിയത്.