IndiaNEWS

ജമ്മുകശ്മീരിലെ പഹാഡി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ച് അമിത് ഷാ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹാഡി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം ഉടന്‍ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രജൗരിയില്‍ സംഘടിപ്പിച്ച ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വേഷന്‍ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍, പഹാടി വിഭാഗം എന്നിവര്‍ക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

Signature-ad

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാഡി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ആറു ലക്ഷത്തോളം പഹാഡി വിഭാഗക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ 55 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്ലിംകളുമാണ്.

എന്നാല്‍, ഇപ്പോള്‍ തന്നെ പത്തു ശതമാനം സംവരണം ലഭിക്കുന്ന ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ പഹാഡികള്‍ക്ക് എസ്.ടി സംവരണം നല്‍കുന്നതിന് എതിരാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാടികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ എസ്.ടി സംവരണത്തിലുള്ളവര്‍ക്ക് ഒരുആനുകൂല്യവും നഷ്ടപ്പെടില്ല. ചിലര്‍ ഗുജ്ജാറുകളേയും ബകര്‍വാള്‍ വിഭാഗക്കരേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.

 

Back to top button
error: