ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയില്‍ ഉണ്ടായ ഹിമപാതത്തില്‍ പത്തുപേര്‍ മരിച്ചു. ഇതില്‍ നാലുപേരുടെ മൃതദേഹം പുറത്തെടുത്തു. പര്‍വതാരോഹണ പരിശീലനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ ഉത്തരകാശി നെഹ്‌റു പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ്. 34 വിദ്യാര്‍ഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘത്തിലെ രണ്ടു സ്ത്രീകളും മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ മണിക്കൂറുകളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണമെന്ന് വിലയിരുത്തുന്നു. മലകയറിയശേഷം തിരിച്ചിറങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്ട് പറഞ്ഞു. ഇന്നു രാവിലെ 8.45നാണ് അപകടമുണ്ടായത്.
എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സേനകളിലെ അംഗങ്ങളും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ വ്യോമസേനയോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ചീറ്റ ഹെലികോപ്റ്ററുകള്‍ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിലെ ഗംഗോത്രിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.