NEWSWorld

ക്രിപ്‌റ്റോ കറന്‍സി പ്രചാരണത്തിന് പണം വാങ്ങി പോസ്റ്റിട്ടു; കിം കര്‍ഡാഷ്യന് 10 കോടി രൂപ പിഴ

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സിയുടെ പ്രചാരണത്തിനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന്, നടിയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ഡാഷ്യന്‍ 12.6 ലക്ഷം ഡോളര്‍ (10 കോടിയിലേറെ രൂപ) പിഴയൊടുക്കണം. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കിം രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലം പറ്റിയെന്നു വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കന്‍ ധനവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്.ഇ.സി) ഇത്രയും പിഴ ചുമത്തിയത്.

ക്രിപ്‌റ്റോ കറന്‍സി കമ്പനിയായ ‘എഥീറിയം മാക്‌സി’ന്റെ എമാക്‌സ് ടോക്കണ്‍ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. എഥീറിയം മാക്‌സ് വെബ്‌സൈറ്റിലേക്കു ലിങ്കും നല്‍കിയിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആ വെബ്‌സൈറ്റില്‍ പ്രകടമായിരുന്നെന്നും എസ്.ഇ.സി കണ്ടെത്തി. സെലിബ്രിറ്റികളായാലും സാധാരണ വ്യക്തികളായാലും ക്രിപ്‌റ്റോ ഇനത്തിലെ നിക്ഷേപ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിരിക്കണമെന്നാണു യു.എസിലെ നിയമം. എസ്ഇസി എടുത്ത കേസ് വന്‍ തുക നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ കിം കര്‍ഡാഷ്യന്‍ സമ്മതിക്കുകയായിരുന്നു. 3 വര്‍ഷത്തേക്ക് ഒരു ക്രിപ്‌റ്റോ കറന്‍സിയുടെയും പ്രചാരണം നടത്തില്ലെന്നും താരം സമ്മതിച്ചിട്ടുണ്ട്. താരമെന്നതിലുപരി, വസ്ത്രഫാഷന്‍, കോസ്‌മെറ്റിക് രംഗത്തൊക്കെ വമ്പന്‍ ബിസിനസുകാരിയാണ് കിം കര്‍ഡാഷ്യന്‍.

Back to top button
error: