LocalNEWS

വില കയറിയതോടെ കള്ളമാര്‍ക്ക് കപ്പക്കമ്പം കലശലായി

കോട്ടയം: ജില്ലയുടെ മലയോര മേഖലയിലെ ചെറുകിട കര്‍ഷകരുടെ കപ്പത്തോട്ടങ്ങളില്‍ മോഷണം വ്യാപകമായി. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയുടെ പുരയിടത്തില്‍ നിന്ന് 20 മൂട് കപ്പ മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 25 മൂട് കപ്പയാണു നട്ടിരുന്നതെന്നും മൂപ്പെത്തും മുന്‍പേയാണ് കപ്പ പറിച്ചതെന്നും കര്‍ഷകന്‍ മൂത്തേടത്ത് ചാക്കോ പറഞ്ഞു.

20 രൂപയില്‍നിന്നു കപ്പ വില 45 മുതല്‍ 50 രൂപ വരെ എത്തിയതോടെയാണു കള്ളന്മാര്‍ കപ്പയുടെ പിന്നാലെക്കൂടിയത്. റോഡിനോടു ചേര്‍ന്നുള്ള പറമ്പുകളില്‍ രാത്രി വാഹനത്തിലെത്തി കപ്പ പറിച്ച് കിഴങ്ങെടുത്തു കടന്നുകളയുകയാണു പതിവ്. ചിലയിടങ്ങളില്‍ നിന്നു വാഴക്കുലകളും തേങ്ങയും കാണാതായിട്ടുണ്ട്. ഒരു മൂട് കപ്പയില്‍ നിന്നു ശരാശരി രണ്ട് കിലോ വരെ കിഴങ്ങ് ലഭിക്കുമെന്നാണു കണക്ക്.

Signature-ad

അതിനിടെ, മുണ്ടക്കയം ടൗണിന് അടുത്തു കഴിഞ്ഞദിവസം കര്‍ഷകര്‍ കള്ളനെ കൈയ്യോടെ പിടികൂടി. ഓണത്തിന് ഒരു ദിവസം മുന്‍പാണു കപ്പ നഷ്ടപ്പെട്ടത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനു നാട്ടുകാരും കൂടി. തുടര്‍ന്നു പൈങ്ങണ മദ്യവില്‍പന ശാലയ്ക്കു മുന്‍പില്‍ കപ്പ വില്‍ക്കുകയായിരുന്ന കള്ളനെ കയ്യോടെ പിടികൂടി. സ്റ്റേഷനില്‍ എത്തിച്ചതോടെ 30 കിലോ കപ്പയുടെ പണം നല്‍കി കള്ളന്‍ കേസില്‍നിന്ന് ഒഴിവായി.

Back to top button
error: