കായംകുളം: ഓണപ്പരിപാടി കാണാന്‍ വീട്ടുകാര്‍ പോയ തക്കത്തിന് 46 പവനും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച വിരുതന്‍ പിടിയില്‍. പെരിങ്ങാല ചക്കാലകിഴക്കതില്‍ ഹരിദാസിന്റെ വീട്ടില്‍ മോഷണം നടത്തിയ ഇരിക്കൂര്‍ പട്ടുവദേശത്ത് ദാറുല്‍ ഫലാഖില്‍ ഇസ്മായില്‍ (30) ആണ് അറസ്റ്റിലായത്. മറ്റൊരു മോഷണക്കേസില്‍ കണ്ണൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരിങ്ങാലയിലെ മോഷണത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു കായംകുളം പോലീസിനെ അറിയിക്കുകയും അവരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു മോഷണം.
ഓണപ്പരിപാടി കാണാന്‍ ഹരിദാസിന്റെ വീട്ടുകാര്‍ പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. കോഴിക്കോട്ടെ മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇസ്മായില്‍ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ ശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള കാമുകിയെ കാണാനെത്തി. തുടര്‍ന്ന് പത്തനാപുരത്ത് നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു.
പിന്നീട് അടൂരിലേക്ക് പോയ ഇയാള്‍ സ്‌കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു ബസില്‍ കോഴിക്കോട്ടെത്തി ലോഡ്ജില്‍ താമസിച്ചു. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ കണ്ണൂര്‍ ടൗണിലുള്ള ജ്വല്ലറിയിലെത്തിയപ്പോഴാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കണ്ണൂരിലുള്ള ഒരു സ്ഥാപനത്തില്‍ പണയം വച്ചതും ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ സൂക്ഷിച്ചിരുന്നതും ഉള്‍പ്പെടെ മുഴുവന്‍ സ്വര്‍ണവും പണവും പോലീസ് കണ്ടെടുത്തു.
എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ഇസ്മായില്‍ ആദ്യമായാണ് ആലപ്പുഴ ജില്ലയില്‍ മോഷണക്കേസില്‍ പിടിയിലാകുന്നത്.