CrimeNEWS

നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം, ജീവനക്കാർക്ക് മർദ്ദനം; മൂന്ന് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലാ‌യി. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

മറ്റൂർ പിരാരൂർ മനയ്ക്കപ്പടി പുത്തൻ കുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക പൊലീസ് ടീം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്ത് നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്.

വിവിധ സ്റ്റേഷനുകളിലാ‌യി വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ മാരായ അനീഷ് കെ ദാസ്, എൽദോസ് , എ.എസ്.ഐ മാരായ ഉബൈദ്, അഭിലാഷ്, സീനിയർ സിവൽ പോലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, എൻ.ജി. ജിസ്മോൻ, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: