KeralaNEWS

പേവിഷ ബാധയ്ക്ക് സാധ്യതയുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കണം, വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്

     കേരളത്തിൽ ജൂലൈവരെ 1.2 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പേവിഷബാധ ഏറ്റ് 18 പേർ മരിക്കുകയുമുണ്ടായി. ആശങ്ക ജനിപ്പിക്കുന്നതാണ് ഈ കണക്ക്. പക്ഷേ നാം ഇപ്പോഴും തെരുവ് നായ്ക്കളുടെ വിളയാട്ടത്തെക്കുറിച്ചോ പേവിഷബാധ മൂലമുള്ള മരണത്തെക്കുറിച്ചോ തരിമ്പും ജാഗരൂകരല്ല എന്നതാണ് വാസ്തവം. ഫലപ്രദമായ മുൻകരുതൽ സ്വീകരിച്ചിട്ടുമില്ല.
പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ സംസ്ഥാനത്ത് നിലവിലുള്ള രീതി മാറ്റുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങിൻെറ വാക്കുകൾ ഈ ഘട്ടത്തിലാണ് ഏറെ പ്രസക്തമാകുന്നത്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട ചിലർ പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷൻ എടുത്ത ശേഷവും മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിരോധ വാക്സീന്റെ ഗുണനിലവാര കുറവാണ് ഇതിന് കാരണമെന്ന് പല കോണുകളിൽ നിന്ന് പരാതിയും ഉയർന്നു. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനും അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍  റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: