വി.ആർ അജിത് കുമാർ
വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തിക്കാൻ വേണ്ടി ധൃതഗതിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ഇതിനിടെയാണ് തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയത്.
തീരശോഷണത്തിന് ശാശ്വത പരിഹാരം, ക്യാംപുകളിൽ കഴിയുന്നവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പിൽ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം, മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം സർക്കാർ ഉറപ്പു നൽകി. പക്ഷേ തുറമുഖ നിർമാണം നിർത്തിവച്ച് തീര ശേഷണത്തെക്കുറിച്ച് പഠിക്കുക എന്ന നിർദ്ദേശവുമായി സമരം കൂടുതൽ രൂക്ഷമാക്കുകയാണ് ലത്തീൻ സഭ.
ഈ വിഷയത്തെക്കുറിച്ച് എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ വി.ആർ അജിത് കുമാർ എഴുതുന്നു.
ലാറ്റിന്‍ കാതലിക് ആര്‍ച്ച്ഡയസിൻ്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള സമരം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാലാണ് നടക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. മതങ്ങളുടെയും ജാതികളുടെയും വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ നിരന്തരം മുട്ടുമടക്കിയാല്‍ നാട്ടില്‍ ഒരു വികസനവും വരില്ല എന്ന തിരിച്ചറിവ് നാടിന് ഗുണം ചെയ്യും. പാവപ്പെട്ട മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും സമരത്തിലേക്ക് നയിക്കുക എന്നത് കാലങ്ങളായി എല്ലാ രാഷ്ട്രീയ നേതാക്കളും മത-ജാതി നേതാക്കളും ചെയ്തുവരുന്നതാണ്.
സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്ന മനുഷ്യരാകാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ.
രാജ്യത്ത് സ്‌പേയ്‌സ് സയന്‍സ് വികസിപ്പിക്കാന്‍ സ്ഥലം വിട്ടുകൊടുക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുകയും ആരാധനാലയം ഐഎസ്ആര്‍ഒ ഓഫീസിനായി നല്‍കുകയും ചെയ്ത കാരുണ്യവാനായ ഒരു ബിഷപ്പും തിരുവനന്തപുരം അതിരൂപതയിലുണ്ടായിരുന്നു എന്നും നമ്മള്‍ ഓര്‍ക്കണം.
പുനരധിവാസ പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം, നടപടിക്കായി സമരം ചെയ്യാം. എന്നാല്‍ മൂന്നിലൊന്ന് ഭാഗം പണി പൂര്‍ത്തിയാക്കിയ ഒരു പദ്ധതി, അതും ലോകമാകെയുള്ള ഷിപ്പിംഗ് മേഖല പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു സ്വാഭാവിക തുറമുഖം പണി പൂര്‍ത്തിയാക്കരുത് എന്നാഗ്രഹിക്കുന്ന സ്വദേശികളും വിദേശികളുമായ ലോബികളുടെ വലയില്‍ അറിഞ്ഞോ അറിയാതെയോ പോയി വീണുകൊടുക്കുകയാണ് ബിഷപ്പ് ചെയ്തിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കി അദ്ദേഹം സമരത്തില്‍ നിന്നും പിന്‍വാങ്ങും എന്നു പ്രതീക്ഷിക്കാം.
ഒരു പ്രദേശം വികസനത്തിന്റെ ഉച്ചസ്ഥായിയിലെത്താനും ഒരു നാടിന്റെ പ്രധാന സാമ്പത്തിക സ്രോതസാവാനും കരുത്തുള്ള പദ്ധതിയെയാണ് തടസപ്പെടുത്താന്‍ നോക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ തത്പ്പരകക്ഷികള്‍ ഇടപെട്ടു നശിപ്പിക്കാന്‍ ശ്രമിച്ച പദ്ധതികള്‍ എത്രയെങ്കിലും പറയാന്‍ കഴിയും. സര്‍ദാര്‍ സരോവര്‍ പദ്ധതിയെ എതിര്‍ത്ത മേധ പട്ക്കറെ അന്നത്തെ ഇടതുപക്ഷത്തോടം നിന്ന ഞാന്‍ ഒരു വീരവനിതയായാണ് കണ്ടത്. ആദിവാസികള്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച അതിശക്തയായ കഥാപാത്രം. ആരാധനയായിരുന്നു എനിക്ക്. പിന്നെ ആ കാലത്തെ പരിസ്ഥിതി എഴുത്തുകളും വായിച്ചതോടെ പദ്ധതി മധ്യഇന്ത്യയെത്തന്നെ ഇല്ലാതാക്കും എന്നു വിശ്വസിച്ചു. കാലം കഴിഞ്ഞു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമുള്ള ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍, അവിടത്തെ ആളുകളുമായി സംസാരിച്ചപ്പോള്‍, കച്ച് തുടങ്ങി വരണ്ട ഭൂമികകളില്‍ താമസിച്ചപ്പോള്‍ നര്‍മ്മദ ബചാവോ ആന്തോളന്‍ തെറ്റായിരുന്നു എന്നു മനസ്സിലാക്കി. ലക്ഷക്കണക്കിന് ജനതയ്ക്ക് കുടിവെള്ളവും കര്‍ഷകര്‍ക്ക് ജലസേചനവും പ്രധാനം ചെയ്ത് ഇന്ത്യയുടെ കാര്‍ഷിക-സാമൂഹിക ജീവിതത്തിന് പുത്തനുണര്‍വ്വ് പകരുയയിരുന്നു സര്‍ദാര്‍ സോരോവര്‍.
ഓര്‍ക്കുന്ന മറ്റൊന്ന് കൂടംകുളം ആണവനിലയമാണ്. അതിനെതിരെ വലിയ സമരം നടന്നിരുന്നു. കേരളമുള്‍പ്പെടെ ആണവവികിരണ ഭീഷണിയിലാണ് എന്നതായിരുന്നു പ്രധാന ആക്ഷേപം. അവിടെയും മത്‌സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാകും, കടലില്‍ ചൂടുകൊണ്ട് മത്സ്യങ്ങള്‍ ചത്തുപൊങ്ങും എന്നെല്ലാം ലേഖനങ്ങള്‍ വന്നു. കൂടംകുളം ടൗണ്‍ഷിപ്പില്‍ പലവട്ടം പോയപ്പോഴാണ് നാട്ടുകാര്‍ക്ക് പദ്ധതികൊണ്ടുണ്ടായ ഗുണം മനസിലായത്. മത്സ്യബന്ധനം നടത്തിയിരുന്നവര്‍ ആണവനിലയത്തിലെ ഉദ്യോഗസ്ഥരായി, സമ്പന്നരായി, കുട്ടികള്‍ നല്ല വിദ്യാഭ്യാസം ചെയ്യുന്നു, മീന്‍ പിടിക്കുന്ന പുതിയൊരു സമൂഹവും മൈഗ്രേറ്റുചെയ്ത് അവിടെ എത്തിയിരിക്കുന്നു. പത്തു മുതല്‍ പതിനഞ്ചു മണിക്കൂര്‍ പവര്‍കട്ടുണ്ടായിരുന്ന തമിഴ്‌നാട് ഇപ്പോള്‍ പവര്‍കട്ടില്ലാത്ത, വ്യവസായിക പുരോഗതി നേടിയ സംസ്ഥാനമായി. ആണവനിലയം ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു വിഹിതം കേരളത്തിനും കിട്ടുന്നു.
എന്നാല്‍ ഇത്തരം വികസനവിരുദ്ധര്‍ വിജയിച്ച ഒരിടമാണ് തൂത്തുക്കുടി. അവിടെ രാജ്യത്തിന് വളരെ പ്രധാനമായി ആവശ്യമായ കോപ്പര്‍ ഉത്പ്പാദിപ്പിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പറിനെതിരെ നടന്ന ആസൂത്രിത സമരം ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവുമൂലം ആക്രമണത്തിലേക്ക് പോകുകയും കുറേപേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. രാജ്യത്ത് ആവശ്യമായ കോപ്പറിന്റെ 36 ശതമാനം ലഭ്യമാക്കിയിരുന്ന കമ്പനിയാണ് അതോടെ അടച്ചുപൂട്ടിയത്. ഇപ്പോള്‍ സത്യാവസ്ഥ മനസിലാക്കി നാട്ടുകാര്‍ കമ്പനി തുറക്കണം എന്നാവശ്യപ്പെടുകയാണ്. ഇന്ത്യയ്ക്ക് കോപ്പറിനായി വന്‍തോതില്‍ ചൈനയെ ആശ്രയിക്കേണ്ട ദുരവസ്ഥയിലേക്കാണ് ഇപ്പോള്‍ നമ്മള്‍ എത്തിനില്‍ക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലും നഷ്ടമായി.
കേരളത്തിലും ഇത്തരം സമീപനം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്നത് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ ഉള്ളതായിരുന്നു. കേരള സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തിനാല്‍ അമൂല്യമായ ലോഹമണല്‍ ഖനനം ഇപ്പോഴും തുടരുന്നു. ഗ്വാളിയര്‍ റയോണ്‍സ് , പുനലൂര്‍ പേപ്പര്‍ മില്‍ ഉള്‍പ്പെടെ അനേകം സ്ഥാപനങ്ങള്‍ പൂട്ടിയതും കയര്‍ രംഗത്തെ യന്ത്രവത്ക്കരണം വൈകിയതും ഉള്‍പ്പെടെ എണ്ണിയാല്‍ തീരാത്തത്ര തെറ്റുകള്‍ നമ്മള്‍ ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവള നിര്‍മ്മാണത്തിനെതിരെയും തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരെയുമൊക്കെ സമരം നടന്നു. എല്ലാം ഇടുങ്ങിയ മനസുകളുടെ കുരുട്ടുകളാണ്. നാമത് തിരിച്ചറിയണം.
അത്തരമൊരു തിരിച്ചറിവ് ഇടതുപക്ഷത്തിനിപ്പോള്‍ ഉണ്ട്. പ്രതിപക്ഷവും ജനപക്ഷമായി നിന്ന് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ യത്‌നിക്കണം. അതൊരു ദേശത്തെ പുതുക്കുന്നതിന് തുല്യമാണ്. അവിടെ ഇടുങ്ങിയ ചിന്തകള്‍ വന്നു തിരികെടുത്താതിരിക്കട്ടെ