ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനം ഒഴിഞ്ഞ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. നിയമനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.