LIFE

ഉയിരെടുത്ത് ഉരുള്‍ മാഞ്ഞു; പെട്ടിമുടിയുടെ കണ്ണീരിന് രണ്ടാണ്ട്

മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. താഴ്‌വാരത്ത് മാങ്കുളം പുഴയില്‍ രാത്രിയില്‍ അസാധാരണമായി വെള്ളം പൊങ്ങിയതിന്റെ ഉറവിടം തേടി രാജമലയില്‍ നിന്നെത്തിയ വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍മാരിലൂടെയാണ് പെട്ടിമുടിയുടെ ദുരന്തമുഖം കേരളം അറിഞ്ഞത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. പെട്ടിമുടിയില്‍ ഇന്നതെല്ലാം കണ്ണീരോര്‍മ്മകളാണ്.

നേരം പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച അത്യന്തം ഭയാനകവും സമാനതയില്ലാത്തതുമായിരുന്നു. ജോലികഴിഞ്ഞുവന്ന് ഭക്ഷണം കഴിച്ച്, നല്ല നാളെകള്‍ സ്വപ്നം കണ്ട് കിടന്നുറങ്ങിയവര്‍ക്ക് മുകളിലേക്കായിരുന്നു ദുരന്തം പൊട്ടിയൊലിച്ചിറങ്ങിയത്. കമ്പിളിമൂടി ഉറങ്ങാന്‍ കിടന്ന ജീവനുകളെ കൂറ്റന്‍ പാറകളും മണ്ണും മൂടിയ കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ ലയങ്ങളുടെ മേല്‍ പതിച്ചു.

Signature-ad

ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങള്‍ ഉറക്കെ കരയാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങി. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചുറങ്ങുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മനസ് മരവിക്കുന്ന കാഴ്ചകളായിരുന്നു. 14 കിലോമീറ്റര്‍ അകലെനിന്നുവരെ മൃതദേഹങ്ങള്‍ കിട്ടി. അറുപത്തിയാറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേര്‍ ഇപ്പോഴും മണ്ണിനടിയില്‍. ഉറക്കത്തിനിടയില്‍ ഞൊടിയിട നേരത്തിനുള്ളില്‍ വേദനയറിയാതെയായിരുന്നു പലരും മടങ്ങിയത്. ഒന്നുണരാന്‍ പോലും അവര്‍ക്കായില്ല. എല്ലാം അതിനുമുമ്പേ അവസാനിച്ചിരുന്നു.

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കിടയിലൂടെ നാടൊന്നാകെ ദുരന്തഭൂമിയിലേക്കോടിയെത്തി. കണ്‍മുമ്പില്‍ കാണുന്നതിലും വലുതായിരുന്നു പെട്ടിമുടിയില്‍ സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. വൈദ്യുതിമന്ത്രിയായിരുന്ന എം.എം മണിയുള്‍പ്പെടെയുള്ള മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി നടപടികള്‍ ഏകോപിപ്പിച്ചു. കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തി.

കമ്പിളി പുതച്ച് ഉറങ്ങുന്ന നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. യാതൊരു പരിക്കുമില്ലാതെ കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങിയ ശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ ഉള്ളുലച്ചു. കോവിഡ് ആശങ്ക നിലനിന്നിട്ടും ഒറ്റക്കെട്ടായി കൈമെയ് മറന്നെല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഒരു മാസത്തോളം നടന്ന തെരച്ചിലില്‍ നാല് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌കരിച്ചു.

ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തത്. പെട്ടിമുടി ദുരന്തശേഷമുള്ള സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും ഇടപെടലും പുനരധിവാസവും വേഗത്തിലായിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കമ്പനിയുടെ സഹായത്തോടെ വീടുകള്‍ നിര്‍മിച്ച് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ വേഗത്തിലാക്കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് പെട്ടിമുടി ശാന്തമാണ്, എങ്കിലും രണ്ടു വര്‍ഷം മുമ്പ് ഒരു മഴയുള്ള രാത്രി നല്‍കിയ കണ്ണീര്‍മാത്രം ഇന്നും പെട്ടിമുടിയില്‍ തോര്‍ന്നിട്ടില്ല.

Back to top button
error: