കണ്ണൂര്‍: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ (97) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മറിയുമ്മയുടെ മരണത്തോടെ മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്ര അധ്യായം കൂടിയാണ് മായുന്നത്. ഏറെ അധിക്ഷേപങ്ങളും ത്യാഗങ്ങളും സഹിച്ച് കാലഘട്ടത്തോടും വ്യവസ്ഥിതിയോടും പൊരുതിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയതും വിദ്യാഭ്യാസം നേടിയെടുത്തതും. അസുഖബാധിതയാകുംവരെ ‘ഹിന്ദു’ പത്രവായന മറിയുമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
മുസ്ലിം പെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയയ്ക്കുന്നതില്‍ എതിര്‍പ്പുമായി യാഥാസ്ഥിതികര്‍ വഴിനിറഞ്ഞു നിന്ന കാലത്ത് എല്ലാത്തിനെയും അതിജീവിച്ചാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡില്‍വച്ച് യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയത് അവര്‍ പില്‍ക്കാലത്ത് ഓര്‍ത്തുപറഞ്ഞിരുന്നു.
തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍, നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചരിത്രം കൂടിയാണ് ആ വാക്കുകളിലൂടെ കേട്ടിരുന്നവരിലേക്ക് എത്തിയിരുന്നത്. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെ ധരിച്ചാണ് സ്‌കൂളില്‍ പോവുക.
ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മനഃപ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മറിയുമ്മ പറഞ്ഞിരുന്നു.
സമൂഹം എതിര്‍ത്തെങ്കിലും പഠിക്കാനുള്ള തന്റെ ആഗ്രഹത്തെ ഉപ്പ ഒ.വി. അബ്ദുള്ള സീനിയറും വല്യമ്മയായ ബീഗം തച്ചറക്കല്‍ കണ്ണോത്ത് അരീക്ക സ്ഥാനത്ത് പുതിയമാളിയേക്കല്‍ ടിസി കുഞ്ഞാച്ചുമ്മയുമാണ് െധെര്യംതന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി ആര്‍ മായിനലിയും പ്രോത്സാഹിപ്പിച്ചു. അന്നത്തെ എതിര്‍പ്പിനും അരുതെന്ന മുറിവിളിക്കും കീഴടങ്ങിയിരുന്നെങ്കില്‍ ഇംീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്നും മറിയുമ്മ പലപ്പോഴും പറയുമായിരുന്നു. ‘പെണ്‍കുട്ടികള്‍ പെട്ടെന്ന് കല്യാണം കഴിക്കാന്‍ പാടില്ല, നല്ലോണം പഠിക്കണം, ജോലി നേടണം, എന്നിട്ട് ജീവിതത്തില്‍ നമുക്ക് പറ്റിയ ആളെ പരിചയപ്പെടുകയാണെങ്കില്‍ കല്യാണം കഴിച്ചോ’ എന്നതായിരുന്നു പെണ്‍കുട്ടികള്‍ക്കുള്ള മറിയുമ്മയുടെ ഉപദേശം.
ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943 ല്‍ ആയിരുന്നു മറിയുമ്മയുടെ വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) യോഗത്തില്‍ ഷെയ്ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ മറിയുമ്മ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.
തലശ്ശേരി കലാപം ആണ് ജീവിതത്തിലെ മറക്കാനാകാത്ത നോവെന്ന് മറിയുമ്മ പറയുമായിരുന്നു. തലശ്ശേരി കലാപകാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് മാളിയേക്കലില്‍ അഭയം നല്‍കാന്‍ മറിയുമ്മ മുന്‍കൈയെടുത്തു. 1957ലെ തെരഞ്ഞെടുപ്പില്‍ വി.ആര്‍ കൃഷ്ണയ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മറിയുമ്മ ഇടതുപക്ഷ – പുരോഗമന ആശയങ്ങളുമായും സഹകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു മറിയുമ്മയുടെ അന്ത്യം. മറിയ മഹലിലും മാളിയേക്കല്‍ തറവാട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നൂറ് കണക്കിനാളുകളാണ് മറിയുമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. രാത്രി വൈകി ചിറക്കര അയ്യലത്ത് പള്ളിയില്‍ ഖബറടക്കി. മക്കള്‍: മാളിയേക്കല്‍ ആയിഷ, അബ്ദുല്ല (അബ്ബാസ്-ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ.കെ. ഖാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്, മാഹിനലി.