തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനിമുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. അടുത്ത ബില്ലിങ് മുതല്‍ ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ എന്നും കെ.എസ്.ഇ.ബി പറയുന്നു.
നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ് സൗകര്യം ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ ഉത്തരവ് ഭൂരിഭാഗം ഉപഭോക്താക്കളെയും ബാധിക്കും.
ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം എന്നു പറയുന്നുണ്ടെങ്കിലും ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ ഒരു ഉപഭോക്താവ് നേരിട്ട് കൗണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. അതേസമയം പ്രീപെയ്ഡ് കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഒരു വിഭാഗം ജീവനക്കാര്‍ പുതിയ പരിഷ്‌കാരത്തെ കാണുന്നത്.