മെല്‍ബണ്‍: കഴിഞ്ഞ രണ്ടു ദിവസമായി, ആകാശത്തു കണ്ട പിങ്ക് നിറത്തിന്റെ പൊരുളറിയാനുള്ള അന്വേഷണത്തിലായിരുന്നു ഓസ്‌ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലുള്ള മില്‍ഡുറ പട്ടണത്തിലെ ആളുകള്‍. ബുധനാഴ്ച വൈകുന്നേരമായിരുന്നു ഏവരെയും അമ്പരപ്പിച്ച ആ പ്രത്യേക കാഴ്ചയ്ക്ക് പട്ടണം സാക്ഷ്യം വഹിച്ചത്.
രാത്രി ആകാശത്ത് നിഗൂഢമായ തരത്തില്‍ ഒരു തിളക്കമുള്ള പിങ്ക് നിറം പ്രത്യക്ഷപ്പെട്ടു. ആകാശം മൊത്തം ആ നിറത്തില്‍ കുളിച്ചിരിക്കുന്നു. പിന്നെ എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷയിലായി നാട്ടുകാര്‍. പലരും ഇതിന് അവരുടേതായ പലവിധ കാരണങ്ങളും കെട്ടിച്ചമച്ചു.
ചിലര്‍ പറഞ്ഞത് ഇത് അന്യഗ്രഹജീവികളിറങ്ങി വന്ന് അവിടം മൊത്തം അവരുടെ കൈപ്പിടിയിലൊതുക്കാന്‍ പോകുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ്. പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞത് താനാകെ പരിഭ്രമിച്ചു പോയി, ലോകം അവസാനിക്കാന്‍ പോവുകയാണോ എന്ന് ഭയന്നുപോയി എന്നാണ്. മറ്റൊരാള്‍ കരുതിയത് ഏതോ അന്യഗ്രഹജീവികള്‍ വന്ന് ആ പ്രദേശം മൊത്തം പിടിച്ചടക്കി എന്നാണ്.
ഊഹാപോഹങ്ങള്‍ ഇങ്ങനെ മുന്നേറുന്നതിനിടെ ഇപ്പോള്‍ സംഭവത്തിന്റെ ഉറവിടത്തില്‍നിന്നു തന്നെ ആ രഹസ്യം ചുരുളഴിക്കപ്പെട്ടിരിക്കുന്നു. അതൊരു കഞ്ചാവ് ഫാമിലെ ലൈറ്റ് വെട്ടം ആയിരുന്നത്രേ!. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കാന്‍ ഗ്രൂപ്പ് ആണ് ആ രഹസ്യം പരസ്യമാക്കിയത്.
Hey @JaneBunn any reports of this scary but brilliant sky over Mildura tonight ?? pic.twitter.com/3WZ7FZj1zp
— Tim Green (@Tim_Green78) July 19, 2022
മെഡിസിനല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി കഞ്ചാവ് വളര്‍ത്തുന്ന കമ്പനിയുടെ ഫാമില്‍ നിന്നാണ് ഈ നിറം വന്നത്. ”കഞ്ചാവിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. സാധാരണയായി സൂര്യനസ്തമിച്ച ശേഷമാണ് ഇത്തരം ലൈറ്റുകളിടാറുള്ളത് എന്നാല്‍ കഴിഞ്ഞ ദിവസം നേരത്തെ തന്നെ ലൈറ്റിട്ടു. അതുകൊണ്ടാണ് അങ്ങനെ ഒരു നിറം വന്നത് ” എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
2016 മുതല്‍ തന്നെ ഓസ്‌ട്രേലിയയില്‍ മെഡിസിനല്‍ കഞ്ചാവിന് അനുമതിയുണ്ട്. പലവിധ അസുഖങ്ങള്‍ക്കും കഞ്ചാവ് അടങ്ങിയ മരുന്നുകള്‍ നല്‍കാറുമുണ്ട്. എന്നാല്‍, കഞ്ചാവ് വളര്‍ത്തുന്ന ഫാമുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാറാണ് പതിവ്. ഈ പിങ്ക് നിറം വന്നിരിക്കുന്ന ഫാമും കൃത്യമായി എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമല്ല.