വെസ്റ്റ് വിര്‍ജീനിയ: രണ്ട് വര്‍ഷത്തെ കോമയില്‍നിന്നും ഉണര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചയാളെ വെളിപ്പെടുത്തി യുവതി. അക്രമി സ്വന്തം സഹോദരനായിരുന്നെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കുടുംബം. തുടര്‍ന്ന് അറസ്റ്റിലായി ഒന്‍പതാം നാള്‍ സഹോദരന്റെ മരണം. വെസ്റ്റ് വിര്‍ജീനിയയിലെ വാന്‍ഡ പാമര്‍ എന്ന യുവതിയുടെ വീട്ടിലാണ് പത്തുദിവസത്തിനിടെ ട്വിസ്റ്റുകളുടെ ഒരു പരമ്പരതന്നെ അരങ്ങേറിയത്.
രണ്ടുവര്‍ഷമായി കോമയിലായിരുന്നു വാന്‍ഡ പാമര്‍ എന്ന യുവതി. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇവര്‍ക്ക് കോമ അവസ്ഥമാറി ബോധം തിരിച്ചുകിട്ടി. ഇതോടെയാണ് തന്നെ ആക്രമിച്ചത് തന്റെ സഹോദരനാണ് എന്ന് യുവതി വെളിപ്പെടുത്തിയത്. ഏറെനാളായി അവള്‍ കഴിയുന്ന പരിചരണ കേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്ക് വിളി വരികയായിരുന്നു എന്ന് വെസ്റ്റ് വിര്‍ജീനിയയിലെ പോലീസ് അധികൃതര്‍ പറഞ്ഞു.
2020 -ജൂണിലാണ് വെസ്റ്റ് വിര്‍ജീനിയയിലെ കോട്ടേജ്‌വില്ലയിലെ വീട്ടില്‍ വച്ച് വാന്‍ഡ ആക്രമിക്കപ്പെടുന്നത്. അക്രമത്തിന്റെ ഫലമായി അവള്‍ക്ക് തലച്ചോറില്‍ പരിക്കേറ്റു. മഴുവോ കത്തിയോ ഉപയോഗിച്ചായിരിക്കാം അവളെ ആക്രമിച്ചത്. എന്നാല്‍, ആരാണ് അത് ചെയ്തത് എന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു.
എന്നാല്‍, രണ്ട് വര്‍ഷത്തെ ആശുപത്രി വാസത്തിന് ശേഷം അവള്‍ക്ക് ബോധം തിരികെ കിട്ടുകയും അവളുടെ സഹോദരന്‍ ഡാനിയേല്‍ പാമറാണ് അത് ചെയ്തത് എന്ന് തിരിച്ചറിയുകയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നും വെസ്റ്റ് വിര്‍ജീനിയയിലെ ജാക്സണ്‍ കൗണ്ടിയിലെ സുരക്ഷാ സേന ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
വാന്‍ഡയ്ക്ക് ആ സമയത്ത് ശ്വാസം പോലും ഇല്ലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പോലും കരുതിയിരുന്നത് അവള്‍ മരിച്ചു എന്നാണ്. രണ്ട് വര്‍ഷത്തേക്ക് പൊലീസിന് കേസില്‍ യാതൊരു തുമ്പും കിട്ടിയില്ല. ഇപ്പോഴും അവള്‍ക്ക് ശരിക്ക് സംസാരിക്കാന്‍ സാധിച്ചിട്ടില്ല എങ്കിലും സഹോദരനാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചത് എന്ന് തനിക്ക് കഴിയും പോലെ അവള്‍ വെളിപ്പെടുത്തി കഴിഞ്ഞു എന്നും തുടര്‍ന്ന് പ്രതിയായ സഹോദരന്‍ ഡാനിയേലിനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
എന്നാല്‍ അറസ്റ്റിലായി രണ്ടാഴ്ച തികയും മുമ്പ് ഡാനിയല്‍ മരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജൂലൈ 15 നാണ് അമ്പത്തഞ്ചുകാരനായ ഡാനിയല്‍ പാമറെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചാള്‍സ്റ്റണിലെ സൗത്ത് സെന്‍ട്രല്‍ റീജിയണല്‍ ജയിലില്‍ ആയിരുന്നു ഇയാള്‍. ‘കസ്റ്റഡിയിലിരിക്കുമ്പോഴും പാമര്‍ അന്വേഷണത്തോടും മറ്റു നടപടിക്രമങ്ങളോടും നിസ്സഹകരിച്ചിരുന്നതായി വെസ്റ്റ് വിര്‍ജീനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇയാള്‍ മരിച്ചത്. ബുധനാഴ്ച ഡാനിയേലിനെ ചാള്‍സ്റ്റണ്‍ ഏരിയ മെഡിക്കല്‍ സെന്റര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നുണ്ടെങ്കിലും ഇയാളുടെ മരണകാരണം എന്താണ് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ആത്മഹത്യയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തള്ളിക്കളഞ്ഞ പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.