NEWS

ആ കാലം ഇനി തിരിച്ചുകിട്ടുമോ ?

സ്ത്രധാരണം നോക്കി സ്ത്രീകളെ ഏത് മതസ്ഥർ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കാലം കേരളത്തിനുണ്ടായിരുന്നു.എൺപതുകൾ വരെ ഏകദേശം ഇതായിരുന്നു കേരളത്തിലെ സ്ഥിതി. മതമൗലികവാദികൾ നടത്തി വിജയിപ്പിച്ച വർഗ്ഗീയവൽക്കരണമാണ് ഇന്നത്തെ കേരളത്തിന്റെ വസ്ത്രരീതി.അന്ന് കേരളം മനുഷ്യരുടെ നാടായിരുന്നു.അല്ലാതെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നില്ല.
1970 കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്നവരുടെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിന്റേയും, പറക്കും ഗോൾ കീപ്പറായിരുന്ന വികട്ർ മഞ്ഞിലയുടേയും ആരാധകരുടെ ഒത്തുചേരൽ. കേരളം ഗോളടിക്കുമ്പോൾ ആ ആവേശക്കടൽ സിരകളിൽ പടർന്ന് സ്ത്രീകൾ ആർപ്പ് വിളിക്കും. ഉയർന്ന് പൊങ്ങി ആർത്തിരമ്പി മൈതാനത്തിൽ പ്രകമ്പനം സൃഷ്ടിക്കും.ഇന്ന് കേരളത്തിന്റെ ഏതെങ്കിലും ഒരു ഗ്രൗണ്ടിൽ ഇത് കാണാൻ സാധിക്കുമോ?
ഇന്ന് ഒരു ഫോട്ടോഗ്രാഫർ നോമ്പ് നോറ്റ് കാത്തിരുന്നാൽ പോലും ഇങ്ങിനെ ഒരു ചിത്രമെടുക്കാൻ കഴിയുമോ? ഇല്ല. കാരണം ഇന്ന് കേരളത്തിൽ സ്ത്രീകൾക്ക്‌ മത ചിഹ്നങ്ങളില്ലാതെ ഒന്നിച്ച് കൂടിയിരിക്കാൻ ഒരു സ്ഥലമോ, മനസ് തുറന്ന് ആർപ്പു വിളിക്കാൻ പറ്റിയ ഒരു പൊതു ഇടമോ ഇല്ല എന്നത് തന്നെ കാരണം.
മനുഷ്യരെ വേർതിരിച്ച് തട്ടുകളിലാക്കുന്നതിൽ മത ചിന്തകൾ വിജയിച്ചിരിക്കുന്നു. മനുഷ്യരുടെ സ്വന്തം നാടായ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുന്നു.
നമ്മൾ മുന്നോട്ടാണോ, പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തം.
മതങ്ങളുടെ ‘കപട’ മൂല്യങ്ങൾ ഉയർത്തിക്കാട്ടി  ജനങ്ങളെ പറഞ്ഞ് പറ്റിച്ച്, പല കള്ളികളിലാക്കി നിർത്തുക എന്നത് തങ്ങളുടെ നിലനില്പിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞവർ തന്നെയാണ് ഈ നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
മനുഷ്യ സ്നേഹം അഗ്രഹിക്കുന്നവർക്ക്, ലോക സമാധാനം കാംക്ഷിക്കുന്നവർക്ക് മനുഷ്യരെ മതങ്ങളുടെ പേരിൽ വേർതിരിച്ച് നിർത്തുന്ന കുത്സിത പ്രവർത്തികൾ ചെയ്യാനാകില്ല, അനുകൂലിക്കാനും ആകില്ല.മതങ്ങളും, മത പ്രഭാഷണ തൊഴിലാളികളും രക്ഷ നേടിക്കൊണ്ടിരിക്കും, മനുഷ്യരും ഭൂമിയും വീണ്ടും അധ:പതിച്ചു കൊണ്ടുമിരിക്കും.
ആ കാലം ഇനി തിരിച്ചുകിട്ടുമോ ?
ഒരിക്കൽപോലും നാമാരും  വിചാരിക്കാത്ത ഒരു കോവിഡ് കാലത്തുകൂടിയാണ് ഇന്ന് നമ്മുടെ ജീവിതം.ജീവിതത്തിൽ ആദ്യമായി കേട്ട ലോക്ഡൗണിന്റെ പേരിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ അറിയാതെ പൊട്ടിയ ചരടിലെ പട്ടം പോലെ മനസ്സ് പറന്നത്.ഓർമ്മയില്ലേ… ആരാണ്ടുടെയൊക്കെ പറമ്പിൽക്കൂടി പട്ടംപറത്തി കണ്ണിമാങ്ങയും കശുമാങ്ങയുമൊക്കെ കടിച്ച് നടന്നിരുന്ന ആ ബാല്യകാലം.
അന്ന് അങ്ങനെയായിരുന്നു.പുരയിടങ്ങൾക്കൊന്നും അതിരില്ലായിരുന്നു.പുരയിടങ്ങൾക്കെന്നല്ല ,മനുഷ്യന്റെ മനസ്സുകളിൽപ്പോലും.വേലികൾ ഇല്ലായിരുന്നു, (കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ..അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല,എന്നുമാത്രം !)
അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളുമില്ലായിരുന്നു.
ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.കൊതുമ്പിനും ക്രാഞ്ഞിലിനുമൊപ്പം തേങ്ങയും കൈയ്യിൽ കിട്ടുന്നവർ എടുത്തുകൊണ്ട് പോയിരുന്നു.(ഇന്നും അതിനൊരു മാറ്റമില്ല)
എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു അന്ന് മനസ്സിൽ.
അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ അതിൽ എല്ലാവർക്കും അവകാശം ഉണ്ടായിരുന്നു.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിക്കാമായിരുന്നു.വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയൽപക്കത്തേക്ക് ഓടാൻ യാതൊരു മുള്ളുവേലികളുടെയും തടസ്സമില്ലായിരുന്നു.അതേപോലെ വീട്ടിൽ പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽ വീടുകളിലും എത്തിയിരുന്നു…..
കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും അദ്ധ്യാപകർക്കും തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു.കുട്ടികൾ എല്ലാവർക്കും നാളെയുടെ ഭാവി വാഗ്ദാനങ്ങളായിരുന്നു.
എങ്ങോട്ട് തിരിഞ്ഞാലും പച്ചപുതച്ച നെൽവയലുകളും തെങ്ങിൻ തോപ്പുകളും. തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം….. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു ഓരോ തെങ്ങുകളും.പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കി കൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണയുമായി വരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുള്ള വിവരം!
തൊഴുത്തിലെപ്പോഴും നാലഞ്ച് പശുക്കളുണ്ടാകുമായിരുന്നു.അതിലൊന്നിന് എപ്പോഴും കറവയും ഉണ്ടാവുമായിരുന്നു…..പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു.തക്കം കിട്ടിയാൽ ‘കള്ള കൃഷ്ണൻ’കുട്ടിമാർ അത് കട്ട് തിന്നുകയും ചെയ്യുമായിരുന്നു.
പണ്ട് നാട്ടിലെ പ്രമാണിമാരുടെ വീട്ടിൽ രണ്ടും മൂന്നും വൈക്കോൽ തുറു കാണും.ചെറുക്കൻ്റെ വീട്ടിലെ തുറുവിൻ്റെ ഉയരത്തിൻ്റെയും വലുപ്പത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു അന്ന് വീട്ടുകാർ പെൺകുട്ടികളെ കെട്ടിച്ചു വിട്ടിരുന്നത്. അന്ന് പശുക്കളും, കാളകളും, കാളവണ്ടിയും ,വൈക്കോൽ തുറുവും നാട്ടിലെ പ്രമാണിമാരുടെ വീടിന്റെ അലങ്കാരങ്ങളായിരുന്നു.(പ്രമാണങ്ങൾ ധാരാളം ഉള്ളവൻ പ്രമാണി) ധാരാളം പുരയിടങ്ങളും കൃഷിസ്ഥലങ്ങളും ഉള്ള  ഈ പ്രമാണിമാരുടെ വീട്ടിൽ പശുക്കളും, പൊക്കത്തിൽ നിർമ്മിച്ച വലിയതൊഴുത്തും അതിനോടൊപ്പം അതിനേക്കാൾ ഉയരത്തിൽ തുറുവും കാണുമായിരുന്നു.അതായിരുന്നു നാട്ടിലെ പണക്കാരന്റെ അന്നത്തെക്കാലത്തെ അടയാളം.
പശുക്കളുടെ തീറ്റയായ വൈക്കോൽ ഈ മയ്യാലിൽ കൂര പോലെ ശേഖരിച്ച് തുറുവാക്കി നിർത്തും.ഈ തുറുവും മയ്യാലും വീട്ടിൽ പെണ്ണുകാണാൻ വരുന്ന കാരണവന്മാർ പ്രത്യേകം ശ്രദ്ധിക്കും.പണ്ട് വീടിനേക്കാൾ പ്രാധാന്യം തുറുവിനും മയ്യാലിനും തൊഴുത്തിനും ആയിരുന്നു.അന്നത്തെ സ്ത്രീധനം, നിലവും, കൃഷി വയലുകളും, കറവപശുക്കളും, വണ്ടിക്കാളകളും, കാളവണ്ടിയുമൊക്കെയായിരുന്നല്ലോ!
നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.പുരയിടങ്ങളില്‍ അമ്മ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി വൈകുന്നേരം പണികഴിഞ്ഞുവന്ന് ഓടിനടക്കുന്ന അച്ഛൻ.ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി പിന്നാലെ താറാവിൻ കൂട്ടത്തെപോലെ കുട്ടികൾ.ചീരയും
കയ്പയും വെണ്ടയും വഴുതനയുമൊക്കെ ഉള്ള പുരയിടത്തിൽ തലയെടുപ്പോടെ ഉയർന്നുനിന്നിരുന്നു.
.
അതുകഴിഞ്ഞ് കിണറ്റിൻ കരയിലോ തോട്ടിലോ ചെന്ന് ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള തേച്ച് കുളി……അന്നൊക്കെ വേനൽക്കാലത്തുപോലും തോട്ടിൽ വെള്ളമുണ്ടാകുമായിരുന്നു;മെസ്സിയെപ്പോലെ മെയ് വഴക്കത്തോടെ വെട്ടിയൊഴിഞ്ഞു നീങ്ങുന്ന പരൽ മീനുകളും.
സന്ധ്യക്ക് സാധനങ്ങൾ വാങ്ങാനെന്നും പറഞ്ഞ്‌ കവലയിലൊക്കെ പോയിട്ട് വീട്ടിലേക്ക് വരുന്ന അച്ഛന്റെ കൈയില്‍ കാണും അതിനൊപ്പം പലഹാരത്തിന്റെ ഒരു പൊതിയും കൈയിലൊതുങ്ങാത്ത എവറെടി ടോർച്ചും.കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ,കരുതലിന്റെ സുഖം….!
എട്ടുമണിയാകുമ്പോൾ മണ്ണെണ്ണപ്പുക വെട്ടത്തിൽ അമ്മ ചോറ് തിന്നാൻ വിളിക്കും.പഠനത്തിൽ നിന്നുമുള്ള താൽക്കാലിക വിടുതൽ.അപ്പോഴേക്കും ഉയർന്നിട്ടുണ്ടാകും ഉറക്കത്തിന് സംഗീതം തീർക്കാൻ തോട്ടിൽ നിന്നുമുള്ള പേക്രോം തവളകളുടെ വാദ്യ മേളങ്ങൾ.മഴക്കാലമാണെങ്കിൽ പുരപ്പുറത്ത് ചരൽവാരിയെറിയുന്നതിന്റെ സുഖം വേറെയും.
മഞ്ഞുകാലമാണെങ്കിൽ കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ച് വട്ടം കൂടിയിരുന്നുള്ള “തീ കായൽ …”
കുളിയും കാപ്പി കുടിയും കഴിഞ്ഞ് ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റിക്കും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്.
തിരിച്ചുവരുമ്പോൾ ചോറ്റുപാത്രം നിറയെ ശ്വാസം കിട്ടാതെ പിടയുന്ന മീനുകളുടെ അക്കങ്ങളുടെ പെരുക്കങ്ങൾ…!
പാടവരമ്പ് കടന്ന് ദൂരേന്ന് വരുമ്പോഴേ കാണാം അടുക്കളയുടെ ചിമ്മിനിയിൽ നിന്ന് പുകയുയരുന്നത്.അതു കാണുമ്പോഴെ എന്തൊരു  ഉത്സാഹമാണ്……
അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ കപ്പയോ, ചേമ്പോ,ചേനയോ പുഴുങ്ങുകയോ ആവും എന്ന്….. !
പുസ്തകക്കെട്ടും വലിച്ചെറിഞ്ഞ്, അതും കഴിച്ച് കണ്ടത്തിലേക്കോ അടുത്തുളള പറമ്പിലേക്കാ  ഒരോട്ടമാണ്….!
വോളിബോൾ,ഫുട്ബോൾ മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.അപ്പോഴേക്കും കൃഷികൾക്ക് വെള്ളമൊഴിച്ച് അച്ഛൻ കവലയിലേക്ക് പോയിട്ടുണ്ടാവും.
ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകൾ.കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കപ്പ പറിച്ച കാലാകളിലും കലാകായിക മാമാങ്കങ്ങൾ നടന്നിരുന്നു.

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും.ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്.നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.

മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം.പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ.
പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ…..
ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും,വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും,തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും,കുട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും,കല്ല് കൊത്താനുണ്ടോ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട്‌ വരുന്ന കല്ല് കൊത്തികളും,തുണികൾ കൊണ്ടുനടന്ന് വിറ്റിരുന്ന അണ്ണാച്ചിമാരും…..
പിന്നെയും ഉണ്ട് ഒരുപാട്‌…
പാത്ര കച്ചവടക്കാര്‍, തുണി അലക്കുന്നവർ, തലയ്ക്ക് ഉഴിയാന്‍ മണ്‍പ്രതിമയുമായി വരുന്നവർ…. അങ്ങനെ ഒരുപാടൊരുപാട് പേർ.
അവരൊക്കെ ആ കാലത്തിന്റെ ഓരോ ഋതുക്കളായിരുന്നു!
അവർക്കായി കാബൂളിവാലയെ കാത്തിരുന്ന മിനിയെപ്പോലെ …!
അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്ത്, മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന ‘കോടി’ ഉടുപ്പുകൾ…..
മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു.ഇലച്ചാർത്തുകളിൽ ഞെരിഞ്ഞമർന്നു നിന്നിരുന്ന ഇലഞ്ഞിപ്പൂക്കളുടെയും.
തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിയിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം…..
ഈറമരത്തിന്റെ ചില്ലകൾ വെട്ടിയുണ്ടാക്കിയ ക്രിസ്മസ് ട്രീയും വിളക്കുകളും പുൽക്കൂടും …!
 എങ്ങോ പോയ്മറഞ്ഞ മനോഹരമായ ആ കാലം….ഇപ്പോൾ
 വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും…..
ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി.
നമ്മളെയുമെടുത്ത്‌ അതങ്ങ് പറക്കും……
കാലങ്ങൾക്ക് പിറകിലോട്ട് !
 പിന്നീടും എന്തൊക്കെയോ…
ഓലമെടയൽ,വീട് മേയൽ,കപ്പ വാട്ടൽ…!
കൂട്ടുകൂടി ആരാന്റെ പറമ്പിലെ മാമ്പഴവും ചക്കപ്പഴവും ഒക്കെ പറിച്ചു കഴിച്ച്, കശുവണ്ടി പെറുക്കിവിറ്റ് സിനിമ കണ്ടുനടന്നിരുന്ന ആ മധ്യവേനലവധിക്കാലം..ബാല്യത്തിന്റെ ഓർമ്മകളിൽ ഏറ്റവും മിഴിവുള്ള ചിത്രമായി ഇന്നും മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്നതും ഇതുതന്നെയാണ്.പിന്നെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ
കളിവീടും കെട്ടി
കണ്ണിമാങ്ങയും പെറുക്കി വരുകയില്ലെന്ന് അറിയാമായിരിന്നിട്ടും ‘അവൾക്കു’വേണ്ടിയുള്ള ആ കാത്തിരിപ്പ്..!
ഇന്നുമുണ്ട് കടപുഴകാതെ പലയിടത്തും ആ മാവുകൾ. കാലത്തേയും പ്രായത്തേയും വെല്ലുവിളിച്ച് ഖലീൽ ജിബ്രാന്റെ അനശ്വര പ്രണയത്തിന് മൂകസാക്ഷിയായി നിൽക്കേണ്ടി വന്ന ലെബനോനിലെ ദേവദാരുക്കളെപ്പോലെ….
നാം പിന്നിട്ട വഴികൾ,നമ്മൾ അന്ന് ജീവിച്ച ജീവിതം…. നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു അല്ലേ…?
യഥാർത്ഥത്തിൽ അന്നായിരുന്നില്ലേ കേരളം ദൈവത്തിന്റെ സ്വന്തം നാട് !
ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേനകൊണ്ട് താളമിട്ട് ഇരോ ഉള്ളിലിരുന്ന് പാടുന്നു: “കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…”
ഓരോ പാട്ടിനും ഓരോ നിയോഗമുണ്ട് എന്ന് പറയുന്നതെത്ര ശരി !!
 മലയാള നാടിനെ ദയവായി ഞങ്ങൾക്ക് തിരിച്ച് തരിക. ഞങ്ങളിതിനെ വീണ്ടും മനുഷ്യരുടെ സ്വന്തം നാടാക്കി
സന്തോഷത്തോടും,
സമാധാനത്തോടും,
സാഹോദര്യത്തോടും
ജീവിച്ച് മണ്ണടിഞ്ഞോട്ടെ !!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: