NEWS

ഇന്ത്യൻ റയിൽവെയെ കൂടുതൽ അറിയാം

170 വർഷത്തെ ചരിത്രവും 1,26,611 കിലോമീറ്റർ ട്രാക്കുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ.ഈ വലിയ റെയിൽ ശൃംഖലയെ 18 സോണുകളായാണ് തിരിച്ചിരിക്കുന്നത്.
മധ്യ റെയിൽവേ – മുംബെ (CST), കിഴക്കൻ മധ്യ റെയിൽവേ – ഹാജിപ്പൂർ, കിഴക്കൻ തീരദേശ റെയിൽവേ – ഭുവനേശ്വർ, കിഴക്കൻ റെയിൽവേ – കൊൽക്കത്ത, വടക്ക് കിഴക്കൻ റെയിൽവേ – ഗൊരഖ്പൂർ, വടക്കൻ മധ്യറെയിൽവേ – അലഹബാദ്, വടക്ക് പടിഞ്ഞാറ് റെയിൽവേ – ജയ്പൂർ, വടക്ക് കിഴക്കൻ അതിർത്തി റെയിൽവേ – ഗുവാഹത്തി, ഉത്തര റെയിൽവേ – ന്യൂഡൽഹി, എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിലെ ആദ്യത്തെ ഒമ്പതെണ്ണവും അവയുടെ ആസ്ഥാനവും.
ദക്ഷിണ മധ്യറെയിൽവേ – സെക്കന്തരാബാദ്, തെക്ക് കിഴക്കൻ മധ്യറെയിൽവേ – ബിലാസ്പൂർ, തെക്ക് കിഴക്കൻ റെയിൽവേ – കൊൽക്കത്ത, തെക്ക് പടിഞ്ഞാറൻ റെയിൽവേ – ഹൂബ്ലി, ദക്ഷിണ റെയിൽവേ – ചെന്നൈ, പടിഞ്ഞാറൻ മധ്യറെയിൽവേ – ജബൽപൂർ, പടിഞ്ഞാറൻ റെയിൽവേ – മുംബൈ, ദക്ഷിണ തീരദേശ റെയിൽവേ – വിശാഖപട്ടണം, മെട്രോ റെയിൽവേ – കൊൽക്കത്ത എന്നിവയാണ് ഇന്ത്യൻ റെയിൽവേ സോണുകളിൽ ഉൾപ്പെടുന്ന മറ്റുള്ളവ.
ഇന്ത്യൻ റെയിൽവേയിലെ ചില കൗതുകങ്ങൾ
1853 ഏപ്രില്‍ 16 നായിരുന്നു ഇന്ത്യന്‍ ചരിത്രത്തെയും ഗതാഗതത്തെയും മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ‌ട്രെയിന്‍ ഓ‌ടിത്തുടങ്ങിയത്.മഹാരാഷ്ട്രയിലെ ബോറി ബന്ദറില്‍ നിന്ന് താനെയിലേക്ക് ആയിരുന്നു അന്നത്തെ ഐതിഹാസികമായ ആ യാത്ര.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയില്‍പാതകളിലൊന്ന് എന്ന വിശേഷണം അലങ്കരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ വഴി ഏകദേശം ഓരോ വര്‍ഷവും 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ക‌ടന്നുപോകുന്നുണ്ട്.
 ഇന്ത്യയിലെ ചില ട്രെയിൻ വിശേഷങ്ങൾ
 

വിവേക് ​​എക്സ്പ്രസ് ആണ് ഇന്ത്യയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയില്‍ സഞ്ചരിക്കുന്ന ‌ട്രെയിന്‍.ദിബ്രുഗഢില്‍ നിന്ന് ആരംഭിച്ച്‌ 4286 കിലോമീറ്റര്‍ സഞ്ചരിച്ച്‌ കന്യാകുമാരിയിലാണ് ട്രെയിന്‍ എത്തുന്നത്. 82 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.ഇന്ത്യയിലെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനാണിത്.സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2013 ലാണ് ഇത് സർവീസ് ആരംഭിച്ചത്.

തിരുവനന്തപുരം – സിൽചാർ സൂപ്പർഫാസ്റ്റിനാണ് രണ്ടാം സ്ഥാനം.76 മണിക്കൂർ 35 മിനിറ്റിനുള്ളിൽ 54 ഹാൾട്ടുകളോട് കൂടി 3932 കിലോമീറ്റർ ദൂരം ഈ ട്രെയിൻ സഞ്ചരിക്കുന്നു

കന്യാകുമാരിക്കും- ശ്രീ മാതാ വൈഷ്ണ ദേവി കത്രയ്ക്കും ഇടയിൽ ഓടുന്ന ഹിമസാഗർ എക്സ്പ്രസ് ആണ് അടുത്തത്.12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്, 73 സ്റ്റേഷനുകളിൽ നിർത്തുന്ന ഈ ട്രെയിൻ ഏകദേശം 73 മണിക്കൂറിനുള്ളിൽ 3785 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.

ഏകദേശം 3,036 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന കേരള എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിയ്ക്കുന്ന പ്രതിദിന തീവണ്ടി.


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്. സ്റ്റേഷന്‍ 1,366.33 മീറ്റര്‍ (4,483 അടി) ഉയരത്തിലാണ്.നേരത്തെ, പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ സ്റ്റേഷനിലെ 1072 മീറ്റര്‍ ഉയരത്തിലുള്ള പ്ലാറ്റ്ഫോമിനായിരുന്നു ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം കർണാടകയിലെ ഹുബ്ബള്ളിയില്‍ നിര്‍മ്മാണം നടക്കുന്നു.
കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം കൊല്ലം ജംക്ഷനിലാണ്..പ്ലാറ്റ്ഫോം ഒന്നും , ഒന്ന് എ.യും കൂടിച്ചേരുമ്പോൾ ആകെ നീളം 1180.5 മീറ്റർ ആണ്.
ഇന്ത്യയിലെ ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ സ്റ്റീല്‍, കോണ്‍ക്രീറ്റ് കമാന പാലമാണ് ചെനാബ് പാലം.ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. ഈഫല്‍ ടവറിനേക്കാള്‍ 359 മീറ്റര്‍ അധികം ഉയരം ഈ പാലത്തിനുണ്ട്.(1,178 അടി)
മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ‌ട്രെയിന്‍.വെറും പത്ത് കിലോമീറ്ററാണ് ഇതിന്‍റെ വേഗത.
വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വേഗമേറിയ ട്രെയിന്‍.180 കിലോമീറ്റര്‍ വേഗതയാണ് ഇതിനുള്ളത്.ഡല്‍ഹി-കത്ര, ഡല്‍ഹി-വാരണാസി എന്നീ റൂ‌ട്ടുകളിലാണ് ‌ട്രെയിന്‍ ഓടുന്നത്.
3049 ഹൗറ – അമൃത്‌സര്‍ എക്‌സ്‌പ്രസ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റോപ്പുകള്‍ ഉള്ള ‌ട്രെയിന്‍.115 ഹാള്‍ട്ടുകളാണ് ഇതിനുള്ളത്.

കൊച്ചി വല്ലാര്‍പാടത്തെ റെയില്‍വേ പാലമാണ് ഏറ്റവും നീളമേറിയ റയിൽവെ പാലം.4.62 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെത്തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പാലമാണ്. ഇടപ്പള്ളിക്കും വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലിനും ഇടയില്‍ കമ്മീഷന്‍ ചെയ്‌ത 8.86 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: