KeralaNEWS

വോട്ടിന് മതത്തെ കൂട്ടുപിടിച്ചു; ഉമ തോമസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സ്വതന്ത്രന്‍

കൊച്ചി: ഉമ തോമസ് എം.എല്‍.എയുടെ വിജയത്തിനെതിരേ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി സ്വതന്ത്രസ്ഥാനാര്‍ഥി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസ് മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നോമിനേഷനൊപ്പം നല്‍കിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ദിലീപാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പി.ടി. തോമസ് എം.എല്‍.എയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഉമ തോമസിലൂടെ വന്‍ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നേടിയത്. നൂറു സീറ്റു നേടുമെന്ന ശക്തമായ വെല്ലുവിളിയുമായി എല്‍.ഡി.എഫ് കളത്തിലിറക്കിയ ഡോ. ജോ ജോസഫിനെ തോല്‍പിച്ചായിരുന്നു നിയമസഭയിലേക്കുള്ള ഉമയുടെ ജൈത്രയാത്ര. എ.എന്‍ രാധാകൃഷ്ണനാണ് ബി.ജെ.പിക്കായി മത്സരിക്കാനിറങ്ങിയത്.

ഏറെ വിവാദങ്ങളാണ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിന്‍െ്‌റ പ്രചാരണ സമയത്ത് ഉയര്‍ന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിനെതിരേ വ്യാജ അശ്‌ളീല വീഡിയോ പ്രചരിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഹത്യ നേരിട്ടത് താനാണെന്ന് ഉമ തോമസ് എംഎല്‍എ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പോലും വ്യക്തിഹത്യയിലൂടെ വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി. ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപതെരെഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

Back to top button
error: