IndiaNEWS

ആകാശക്കരുത്തില്‍ മുന്നേറാന്‍ ഇന്ത്യ; ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡി.ആര്‍.ഡി.ഒ.

ബെംഗളുരു: ആകാശക്കരുത്തില്‍ മുന്നേറാനുള്ള ഇന്ത്യന്‍ വ്യോമസേനാ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്ന നിര്‍ണായക നാഴികക്കല്ല് വിജയകരമായി പിന്നിട്ട് ഡി.ആര്‍.ഡി.ഒ. ഇന്ത്യന്‍ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ചാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.). പുതു ചരിത്രം കുറിച്ചത്. ഇന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്ളൈയിങ് വിങ് ടെക്നോളജി ഡെമോസ്ട്രേറ്റര്‍ ആദ്യമായി പറത്തിയത്.

ബെംഗളുരു ആസ്ഥാനമായി ഡി.ആര്‍.ഡി.ഒയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലബോറട്ടറിയായ എയറോനോട്ടിക്കല്‍ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (എ.ഡി.ഇ.) ഈ ആളില്ലാ യുദ്ധവിമാനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ എയര്‍ഫ്രെയിം, അണ്ടര്‍ കാര്യേജ്, ഫ്ളൈറ്റ് കണ്‍ട്രോളുകള്‍, ഏവിയോണിക് സംവിധാനം എന്നിവയെല്ലാം തദ്ദേശീയമായി തയ്യാറാക്കിയതാണ്.

Signature-ad

വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാന്‍ഡിങും സുഗമമായിരുന്നിവെന്ന് ഡി.ആര്‍.ഡി.ഒ. പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസനത്തിനായുള്ള നിര്‍ണായക സാങ്കേതികവിദ്യകളുടെ ശേഷി തെളിയിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളില്‍ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഡിആര്‍ഡിഒ പറഞ്ഞു.

ആളില്ലാ വിമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഡി.ആര്‍.ഡി.ഒ. ചെയര്‍മാനും പ്രതിരോധ വകുപ്പ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി പ്രശംസിച്ചു. ആദ്യ പറക്കല്‍ വിജയമായതില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അഭിനന്ദനങ്ങള്‍ അറിയിച്ചു.

Back to top button
error: