തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. അഞ്ചാറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസിക്ക് പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആറു കോടി രൂപ പ്രതിദിന വരുമാനമുണ്ട്. ചെലവും 6 കോടി രൂപയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടേയും വര്‍ക് ഷോപ്പുകളുടേയും എണ്ണം വെട്ടിക്കുറയ്ക്കും. ഓഫീസുകളുടെ എണ്ണം കുറയ്ക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാകുമെന്നും ആന്റണി രാജു പറഞ്ഞു.
ഹൈക്കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളിയൂണിയനുകളുടെ സമരത്തെ മന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ സമരം ചെയ്യരുതെന്നും യൂണിയനുകള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഈ പറഞ്ഞതിന്റെ ആവര്‍ത്തനമാണ് ഹൈക്കോടതി പറഞ്ഞതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ശമ്പള പ്രതിസന്ധി സംബന്ധിച്ച കേസ് പരിഗണിക്കവേ, യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും സമരം തുടര്‍ന്നാല്‍ ഹര്‍ജി പരിഗണിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യൂണിയണുകള് സമരം അവസാനിപ്പിക്കാമെന്ന് കോടതിയെ അറിയിച്ചു.
പാവപ്പെട്ട തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ യൂണിയനുകള്‍ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുതെന്ന് പറഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം പിന്‍വലിക്കുമെന്നും മുന്നറിയിപ്പു നല്‍കുകയായിരുന്നു. ഇതോടെയാണ് നിലവിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും യൂണിയനുകള്‍ അറിയിച്ചത്.