KeralaNEWS

പിരിച്ചെടുക്കാനുള്ള വൈദ്യുതി കുടിശ്ശിക 2,117 കോടി. ഇതിനിടെ നാമമാത്രം എന്ന പേരിലുള്ള ചാർജ് വർദ്ധനവ് പാവങ്ങളെ ഷോക്കടിപ്പിക്കുന്നു, പുതുക്കിയ വൈദ്യുതി നിരക്ക് പ്രകാരം രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ തുക ഇരട്ടിയിലധികം ആയേക്കും

  പൂട്ടിക്കെട്ടാൻ പോകുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ കെ.എസ്.ആർ.ടി.സിക്കു തൊട്ടുപിന്നിലാണ് സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും. അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ- ട്രേഡ് യൂണിയൻ കിടമത്സരങ്ങളും കൊണ്ട് നശിച്ചു നാമാവശേഷമായിരിക്കുകയാണ് ഇന്ന് കെഎസ്ഇബി. അതിനിടയിലാണ് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് ഷോക്കടിപ്പിക്കുന്ന പുതിയ വൈദ്യുതി നിരക്ക് വര്‍ധനയും. ചെറുതെന്ന് തോന്നിക്കുമെങ്കിലും നടപ്പാക്കിയത് വലിയ വര്‍ധന തന്നെ. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്ന് ലഘൂകരിക്കുമ്പോഴും രണ്ടുമാസത്തെ ബില്ല് കണക്കുകൂട്ടുമ്പോള്‍ ഭാരമേറും. ഗാര്‍ഹിക ഉപഭോക്താക്കളുടെ പുതിയ നിരക്കുകള്‍ ആകെ പരിശോധിച്ചാല്‍ അധികമാണെന്ന് തോന്നില്ല. യൂണിറ്റിന് 25 പൈസ മുതല്‍ 60 പൈസ വരെയുള്ള വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്.

മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം.
ഓരോ സ്ലാബിലുള്ള ഉപഭോക്താക്കള്‍ക്കും റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് പ്രതിമാസ കണക്കായിട്ടാണ്. പക്ഷേ കെ.എസ്.ഇ.ബി രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ ഇത് അട്ടിമറിക്കപ്പെടും. ഇതിന് ഇരയാകുന്നത് പ്രതിമാസം 250 യൂണിറ്റുകള്‍ വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഉയര്‍ന്ന വൈദ്യുതി നിരക്കുള്ളത്. 250 യൂണിറ്റ് കടന്നാല്‍ ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഉയര്‍ന്ന നിരക്കാണ്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം കെ.എസ്.ഇ.ബി ബില്ല് കണക്ക് കൂട്ടുമ്പോള്‍ ആദ്യത്തെ മാസവും രണ്ടാമത്തെ മാസവും 250 യൂണിറ്റ് വീതം ഉപയോഗിച്ചാല്‍ രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ആളായി കെ.എസ്.ഇ.ബി കണക്കാക്കില്ല, പകരം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉയര്‍ന്ന സ്ലാബില്‍പ്പെട്ടയാളാകും.

അതായത് രണ്ട് മാസം കൊണ്ടാണ് 500 യൂണിറ്റ് ഉപയോഗിച്ചതെങ്കിലും ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഏഴ് രൂപ അറുപത് പൈസ ബില്ലില്‍ ചുമത്തും. രണ്ട് മാസത്തെ ബില്ലെടുക്കുമ്പോള്‍ 500 യൂണിറ്റിന് മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും 8.50 രൂപ വീതം നല്‍കണം.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് റെഗുലേറ്ററി കമ്മീഷനും സമ്മതിക്കുന്നു. ഇതാണ് എക്കാലത്തേയും വൈദ്യുതി ബില്‍ വര്‍ധനവില്‍ പതിയിരിക്കുന്ന തട്ടിപ്പ്. കെ.എസ്.ഇ.ബി ചോദിച്ച നിരക്ക് വര്‍ധനവ് നടപ്പിലാക്കാതെ ചെറിയ വര്‍ധന മാത്രം എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഈ കണക്കുകൾ.
ഇതിനു പുറമെയാണ് ബില്ലിൽ 10 ശതമാനം അധിക ഡ്യൂട്ടി ഈടാക്കുന്നത്. കെ.എസ്.ഇ.ബിയുടെ മറ്റൊരു തട്ടിപ്പ് ഡിപ്പോസിറ്റ് തുകയാണ്. ബില്ലനുസരിച്ച് ഉപഭോക്താവ് അയ്യായിരവും പതിനായിരവുമൊക്കെ അടയ്ക്കണം. എന്നാൽ പല കാരണങ്ങളുടെ പേരിൽ ഈ തുക ബോർഡിലേയ്ക്കു മുതൽ കൂട്ടുന്നു.

അതേസമയം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ 2,117 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടി. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും. വന്‍കിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.

ഇതേ സമയം വൈദ്യുത ചാർജ് വർധനവിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ.എസ്.ഇ.ബിയിൽ ഉണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചത് നീതീകരിക്കാനാകില്ല. നിരക്ക് വർധനകൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിസർവ് ബാങ്കിന്റെ വിലയിരുത്തലിൽ, ഇന്ത്യയിൽ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളം ഉണ്ടാക്കിയെടുത്തതാണ്. കമ്മി ബജറ്റിന് നൽകുന്ന കേന്ദ്ര വിഹിതവും ജി.എസ്.ടി കോപൻസേഷനും നിലയ്ക്കുന്നതോടെ ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്കെത്തും. സർക്കാരിന്റെ കടബാധ്യത സംബന്ധിച്ചും കിട്ടാനുള്ള തുക സംബന്ധിച്ചും ധവള പത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: