കോണ്‍ഗ്രസിനെ ചാമ്പലാക്കുന്ന ഭസ്മാസുരന് വരം കൊടുത്തത് ആരൊക്കെ? നിലപാടുകളുടെ രാജകുമാരന്‍മാര്‍ അന്ന് എവിടെയായിരുന്നു എന്ന് അണികള്‍; രാഹുലിനെ യൂത്തിന്റെ അധ്യക്ഷനാക്കിയതും പാലക്കാട്ടേക്ക് കെട്ടിയിറക്കിയതും മുരളീധരനെ ആട്ടിയകറ്റിയതും ഇതേ സംഘം; മിണ്ടിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭീതിയോ നേതാക്കള്‍ക്ക്?
ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നോമിനിയായി പാലക്കാട്ടേക്ക് എത്തിച്ച രാഹുല്‍ മാങ്കൂട്ടം കൂടുതല്‍ ശക്തനാകുന്നതിനൊപ്പം അയാള്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയായിരുന്നു എന്നുവേണം കരുതാന്‍. കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങുന്ന ഭസ്മാസുരനായി മാറുകയായിരുന്നു രാഹുല്‍. അദ്ദേഹത്തെ അവിടെയെത്തിച്ച സതീശനെപ്പോലും മറികടക്കുന്ന തരത്തില്‍ സൈബര്‍ അണികള്‍ അഴിഞ്ഞാടി.

തിരുവനന്തപുരം: പാലക്കാട് സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നു പറഞ്ഞ സണ്ണി ജോസഫിനെതിരേ അതിജീവിതയുടെ പരാതി മുക്കിയെന്ന ആരോപണം നിലനില്‍ക്കുമ്പോഴും രാഹുലിന്റെ കൊള്ളരുതായ്മകള്‍ അറിഞ്ഞിട്ടും മറച്ചുവച്ചവര്‍ക്കെതിരേ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ് അണികള്‍. ലൈംഗിക പീഡന പരമ്പരകള്‍ ഇനിയും രാഹുലിനെതിരേ ഉയര്‍ന്നുവരുമെന്ന മുന്നറിയിപ്പും അണികള്‍ നല്‍കുന്നു.
കോണ്‍ഗ്രസിലേക്കുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരവ് വെറുതേയായിരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ അക്രമാത്മകമായി സംസാരിച്ച് അണികളെയെങ്കിലും കൈയയിലെടുക്കാന്‍ അവസരം നല്‍കിയത്, അവധാനതയോടെ സംസാരിച്ചിരുന്നവരെ വെട്ടിയൊതുക്കിയിട്ടാണ്.
രാഹുല്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ആഴം എത്രയെന്നു ബോധ്യമില്ലായിരുന്നെങ്കിലും അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഇരകളെയെങ്കിലും അതില്‍നിന്നു രക്ഷിച്ചെടുക്കാമായിരുന്നു. ‘പിതാവിനെപ്പോലെ ആ വിഷയം കൈകാര്യം ചെയ്തു’ എന്നു പറഞ്ഞത് വി.ഡി. സതീശനാണ്. ഇങ്ങനെയൊരു സ്വഭാവം രാഹുലിന് ഉണ്ടെന്ന് അറിഞ്ഞിട്ടും പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ ശക്തമായി അനുകൂലിച്ചു രംഗത്തുവരികയാണ് വി.ഡി. സതീശന്‍ ചെയ്തത്.
വടക എംപിയായി ഷാഫി പറമ്പില്‍ പോകുമ്പോള്‍ അവിടേക്കു മുരളീധരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യഘട്ട നീക്കം. ഏതൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും കോണ്‍ഗ്രസിനു വിജയിപ്പിച്ചെടുക്കാവുന്ന സീറ്റ്. അതുപക്ഷേ, മുരളീധരനു നല്‍കിയില്ല. പകരം അദ്ദേഹത്തെ സുരേഷ് ഗോപിയുടെ എതിര്‍ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചു തോല്‍പിച്ചു പാലം കടത്തി. പാലക്കാട് സീറ്റ് കണ്ട് ആരും വരേണ്ടതില്ലെന്നു ചില നേതാക്കള്‍ മുരളീധരനു മുന്നറിയിപ്പു നല്‍കുന്ന നിലയിലേക്കും വന്നു.
ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നോമിനിയായി പാലക്കാട്ടേക്ക് എത്തിച്ച രാഹുല്‍ മാങ്കൂട്ടം കൂടുതല്‍ ശക്തനാകുന്നതിനൊപ്പം അയാള്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയായിരുന്നു എന്നുവേണം കരുതാന്‍. കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങുന്ന ഭസ്മാസുരനായി മാറുകയായിരുന്നു രാഹുല്‍. അദ്ദേഹത്തെ അവിടെയെത്തിച്ച സതീശനെപ്പോലും മറികടക്കുന്ന തരത്തില്‍ സൈബര്‍ അണികള്‍ അഴിഞ്ഞാടി. ‘കേക്കച്ചന്‍’ എന്നു പരിഹസിച്ചായിരുന്നു ആക്രമണങ്ങള്‍. അതില്‍ ഒരു ഘട്ടത്തില്‍ സതീശന്‍ പോലും പതറിപ്പോയി.
മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ പോലും കടുത്ത സൈബര്‍ ആക്രമണത്തിന് ഇരകളായി. പരാതി കൊടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളെ വളഞ്ഞിട്ട് ആക്രമണിച്ചു.
ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പലരും പ്രതികരിക്കാത്തതിനു കാരണമെന്തെന്ന ചോദ്യവും സോഷ്യല്‍ മീഡിയ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. രാഹുലിന്റെ ലൈംഗികാതിക്രമങ്ങളില്‍ പങ്കുപറ്റിയവര്‍ ഉണ്ടോയെന്ന സംശയവും ഉയരുന്നു. രാഹുലിന്റെ ശക്തനായ അനുയായി ഫെനിക്കു പത്തനംതിട്ടയില്‍ പഞ്ചായത്തിലേക്കു സീറ്റ് നല്‍കുന്നതാണ് പിന്നീടു കണ്ടത്. എല്ലാവരെയും വെട്ടിയൊതുക്കി, രാഹുലിനെ അനുകൂലിച്ചു മറ്റു പാര്‍ട്ടികളില്‍നിന്ന് എത്തിയവര്‍ക്കു പോലും സീറ്റ് ലഭിച്ചപ്പോള്‍ പോസ്റ്ററൊട്ടിച്ചും പാര്‍ട്ടിക്കുവേണ്ടി പോലീസിന്റെ തല്ലുകൊണ്ടവരും പുറത്തായി. പത്തനംതിട്ടയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍, സസ്‌പെന്‍ഷനില്‍ ആണെന്നു പറയുമ്പോഴും ‘രാഹുല്‍ ഇഫക്ട്’ പ്രകടമായിരുന്നു.
രാഹുലിനെതിരേ പരാതികള്‍ ഉണ്ടായിരുന്നു എന്ന് അടുത്തിടെ പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം എന്തുകൊണ്ട് ഇക്കാര്യം നേരത്തേ വെളിപ്പെടുത്തിയില്ല എന്ന ചോദ്യവും രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള പ്രേരണ നല്‍കാന്‍ പോലും ചെന്നിത്തലയ്ക്കു കഴിഞ്ഞില്ല. കെ.സി. വേണുഗോപാലും അബിന്‍ വര്‍ക്കിയുമൊക്കെ പരസ്യമായി രാഹുലിനെ തള്ളിപ്പറഞ്ഞില്ല. അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചത് ‘സില്ലി മാറ്റര്‍’ എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ആരോപണവും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയാകും. ഒളിവില്‍നിന്ന് ഒളിവിലേക്കു പോകുന്ന രാഹുലിന് കഴിയാനുള്ള പണം എവിടെനിന്നു ലഭിക്കുന്നു എന്ന ചോദ്യവുമുണ്ട്. സ്വന്തം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനാകില്ല. ഫോണ്‍ ഉപയോഗിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. നടിയുടെ കാറിലാണു പോയതെന്ന ആരോപണത്തിനു പിന്നാലെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. പിന്നെയുള്ളത് കോണ്‍ഗ്രസ് അണികളോ, നേതാക്കളോ മാത്രമാണ്. അല്ലെങ്കില്‍ അയാളുടെ ക്രിമിനല്‍ കൂട്ടത്തില്‍പെട്ട ആരെങ്കിലുമോ ആകാം. ഇത്തരം വിശാലമായ സാധ്യതകള്‍ പോലും സൈബര്‍ പോലീസ് സൂഷ്മമായാണ് പരിശോധിക്കുന്നത്.
ഇന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ രാഹുല്‍ ഉടന്‍ അറസ്റ്റിലാകുമെന്നത് വ്യക്തമാണ്. ഇയാളെക്കുറിച്ചു വിവരമില്ലെന്നു പോലീസ് പറയുന്നതുപോലും വ്യാജ ഐഡി കാര്‍ഡ് കേസില്‍ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തപ്പോഴുണ്ടായ കയ്‌പേറിയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. അതിനാല്‍, എല്ലാ പഴുതുകളും അടച്ച്, സമൂഹത്തില്‍ ഒറ്റപ്പെടുത്തിശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയെന്ന തന്ത്രമാണ് പോലീസിന്റേത്.






