പത്മജയെ ആക്ഷേപിച്ച രാഹുലിന് മുരളി തിരിച്ചുകൊടുത്തു; മതിലുചാടാനല്ല ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്; പൊളിറ്റിക്കലി തന്തയില്ലാത്തവള്‍ എന്ന മാങ്കൂട്ടത്തിലിന്റെ ആക്ഷേപത്തിന് കരുണാകരപുത്രന്റെ സൂപ്പര്‍ കൗണ്ടര്‍ ഡയലോഗ്; രാഹുല്‍ ഒരു രംഗത്ത് പ്രവര്‍ത്തിക്കാനും യോഗ്യനല്ല; ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞ കൊള്ളി പുറത്ത്; പുകഞ്ഞ കൊള്ളിയെ സ്‌നേഹിക്കുന്നവര്‍ക്കും പുറത്തുപോകാം

തിരുവനന്തപുരം: പൊളിറ്റിക്കലി തന്തയില്ലാത്തവള്‍ എന്ന് പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് പത്മജയുടെ മുരളിയേട്ടന്റെ വക കിടിലന്‍ കൗണ്ടര്‍ ഡയലോഗ്. മതിലു ചാടാനല്ല ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ജനപ്രതിനിധിയുമാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് കെ.മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുരംഗത്ത്് മാത്രമല്ല ഒരു രംഗത്തും പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ലെന്നും മുരളി ആഞ്ഞടിച്ചു.

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട് സമയമായെന്നും ഏതു ചില നേതാക്കള്‍ പിന്തുണച്ചാലും പുകഞ്ഞ കൊള്ളി പുറത്തെന്നും ആ പുകഞ്ഞ കൊള്ളിയെ സ്‌നേഹിക്കുന്നവര്‍ക്കും പുറത്തുപോകാമെന്നും മുരളീധരന്‍ പരസ്യമായി തുറന്നടിച്ചു.
ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് തറവാട്ടില്‍ നിന്ന് എന്നന്നേക്കുമായി പുറത്തേക്കുള്ള വാതില്‍ തുറന്നു കഴിഞ്ഞെന്ന് വ്യക്തമായി.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുമ്പോഴാണ് രാഹുലിനെതിരെ മുരളി പരസ്യമായി ആഞ്ഞടിച്ചത്. രാഹുലിനെ പിന്തുണയ്ക്കുന്ന കെ.സുധാകരനടക്കമുള്ളവര്‍ക്കെതിരെയുള്ള താക്കീത് കൂടിയായി അത് മാറി.
സസ്‌പെന്‍ഷന്‍ എന്നത് തെറ്റു തിരുത്തി തിരിച്ചുവരാനുള്ള മാര്‍ഗമായാണ് കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തില്‍ അതിനൊരു സ്‌കോപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ ഉചിതമായ ശക്തമായ നടപടി പാര്‍ട്ടിയില്‍ നിന്നുണ്ടാകുമെന്ന് മുരളി കൃത്യമായ സൂചന നല്‍കി. രാഹുല്‍
സസ്‌പെഷന്‍നിലാണെങ്കിലും കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശക്തമായ നടപടിയെടുക്കുമെന്ന് താന്‍ മുന്നേ പറഞ്ഞതാണെന്നും മുരളി ഓര്‍മിപ്പിച്ചു. രാഹുലിനെതിരെയുള്ള നടപടി വൈകിയെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം ഓരോ സാഹചര്യം നോക്കിയാണ് നടപടികളെടുക്കുകയെന്ന് മുരളി വിശദമാക്കി.
സസ്‌പെന്റു ചെയ്ത സാഹചര്യത്തില്‍ രേഖാമൂലമുള്ള പരാതി പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റെയോ മുന്നിലുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. രണ്ടുകൂട്ടര്‍ക്കും പരാതികിട്ടി. സാഹചര്യം മാറിയെന്നും മുരളി ചൂണ്ടിക്കാട്ടി.

പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് കെപിസിസി പ്രസിഡന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അതിജീവിത ഇന്നലെ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷന് പരാതി നല്‍കുകയും അദ്ദേഹമത് ഡിജിപിക്ക് കൈമാറുകയും ചെയ്തത് രാഹുല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായതുകൊണ്ടാണ്. പാര്‍ട്ടിക്കാരനായിരുന്നെങ്കില്‍ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കുകയായിരുന്നു പതിവ്. രാഹുലിന്റെ കാര്യത്തില്‍ ഒരു തീരുമാനം വൈകാതെ പാര്‍ട്ടി കൈക്കൊള്ളും-മുരളി ഉറപ്പിച്ചു പറഞ്ഞു.
എംഎല്‍എ സ്ഥാനം തുടരണോ രാജിവെക്കണോ എന്ന് രാഹുല്‍ തീരുമാനിക്കണം. പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പിന്നീടദ്ദേഹം എംഎല്‍എയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി ചെയ്യാനേല്‍പ്പിച്ച കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റാത്തയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്, അല്ലാതെ മതിലു ചാടാനല്ല. പാര്‍ട്ടി ഓരോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ്.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കോ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കോ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അവര്‍ക്കെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ചുകൊടുത്ത ഒരുപാട് കാര്യങ്ങള്‍ ഔദ്യോഗിക ജോലികള്‍ ചെയ്യാനുണ്ട്. അങ്ങിനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ഒരു വ്യക്തി ഇങ്ങനെയൊക്കെ ചെയ്‌തെങ്കില്‍ അയാള്‍ പൊതുപ്രവര്‍ത്തനരംഗത്ത് മാത്രമല്ല ഒരു രംഗത്തും പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല – കടുത്ത ഭാഷയില്‍ ഒളിയമ്പെയ്യാതെ മുരളി പരസ്യമായും രൂക്ഷമായും രാഹുലിനെ വിമര്‍ശിച്ചു.

രാഹുലിനെ തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിയോ എന്ന ചോദ്യത്തിന് ആര്‍ക്ക് ആരെയാണ് തിരിച്ചറിയാനാവുക എല്ലാവരുടേയും മനസ് ക്യാമറ വെച്ച് പരിശോധിക്കാന്‍ പറ്റുമോ എ ഐക്ക് പോലും കഴിയില്ല പിന്നെയാണോ മനുഷ്യന് എന്നായിരുന്നു മുരളിയുടെ മറുചോദ്യങ്ങള്‍.
ഇപ്പോഴും ചില നേതാക്കള്‍ രാഹുലിനെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച് മുഴുമിപ്പിക്കും മുന്‍പേ മുരളി മറുപടിയുമായി ഇടിച്ചുകയറി – ഇനി ചില നേതാക്കള്‍ എന്നൊന്നുമില്ല, പുകഞ്ഞ കൊള്ളി പുറത്ത്, പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്തുപോകാം എന്ന ചുട്ട മറുപടി പാര്‍ട്ടിയിലെ മാങ്കൂട്ടത്തില്‍ ബ്രിഗേഡിലുള്ളവര്‍ക്ക്.
ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ചീത്തപ്പേരുണ്ടാക്കാന്‍ പാടില്ല. അങ്ങിനെയുണ്ടാക്കിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. പാര്‍ട്ടി അച്ചടക്കത്തോടൊപ്പം പാര്‍ട്ടിയുടെ സല്‍പ്പേരും സംരക്ഷിക്കണം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യം വേണ്ടത് സദാചാരമാണ്.
പാര്‍ട്ടിയുടെ അന്തസ് സംരക്ഷിക്കണം-മുരളി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റുമായി താന്‍ സംസാരിച്ചെന്നും ആക്ഷന്‍ ഉടനുണ്ടാകുമെന്നും നടപടിയെടുക്കാന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മീറ്റിംഗ് മതിയെന്നും അതിന് കെപിസിസി അടിയന്തിര യോഗം ചേരണമെന്നില്ലെന്നും പറഞ്ഞാണ് മുരളി അവസാനിപ്പിച്ചത്.

പൊളിറ്റിക്കലി തന്തയില്ലാത്തവളെന്ന് പത്മജയെ കോണ്‍ഗ്രസ് വിട്ട സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചതിന് പലിശയും കൂട്ടുപലിശയും ചേര്‍ത്തുള്ള മറുപടികളാണ ഇന്ന് മുരളി കൊടുത്തത്. മതിലുചാട്ടക്കാരനെന്നും സദാചാരമില്ലാത്തവനെന്നും വ്യ്ക്തമായി തന്നെ തിരിച്ചടിച്ചിരിക്കുന്നു മുരളി.
നോവിച്ചുവിട്ടവര്‍ക്ക് തിരിച്ചുപണികൊടുക്കാതെ കിടന്നാലുറക്കം വരാത്ത് ലീഡറുടെ മകന് സ്വന്തം പെങ്ങളേയും അമ്മയേയും അച്ഛനേയും അധിക്ഷേപിച്ച മാങ്കൂട്ടത്തിലിനോട് ഇത്രയും പഞ്ചോടെ ഡയലോഗ് തിരിച്ചടിക്കാന്‍ കാലം കാത്തുവെച്ച സമയമാണിത്. രാഹുലിന് കുട പിടിക്കുന്നവര്‍ക്കു നേരെ കൂടി മുരളി ഒരടി മുന്നോട്ടുവെച്ച് കടന്നാക്രമിക്കുമ്പോള്‍ കെ.മുരളീധരനില്‍ തെളിയുന്ന രൂപം കെ.കരുണാകരന്റെ തന്നെ.






