KeralaNEWS

സംരംഭക സഹായ പദ്ധതികൾ, വായ്‌പകൾ; തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് താങ്ങായി നോർക്ക

  തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക്‌ നോർക്കയുടെ സംരംഭക സഹായ പദ്ധതിയിൽ നൽകിയത്‌ 6010 വായ്‌പ. പ്രവാസി ഭദ്രത-പേൾ, ഭദ്രത-മൈക്രോ, ഭദ്രത-മെഗാ പദ്ധതികളിലൂടെ 5010ഉം എൻഡിപിആർഇഎം പദ്ധതിയിൽ 1000 വായ്‌പയും കഴിഞ്ഞ സാമ്പത്തികവർഷം നൽകി.

ഭദ്രതപേൾ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭത്തിന്‌ രണ്ടു ലക്ഷംവരെ പലിശരഹിത വായ്‌പ നൽകുന്ന പദ്ധതിയിൽ 3081 വായ്‌പ അനുവദിച്ചു. 44 കോടി രൂപ വിതരണം ചെയ്തു. അഞ്ചു ലക്ഷംവരെ സ്വയംതൊഴിൽ വായ്‌പ നൽകുന്ന ഭദ്രത -മൈക്രോ പദ്ധതിയിൽ 1927 വായ്‌പ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 ഉം കേരളാ ബാങ്ക് വഴി ആറു വായ്‌പയും നൽകി. 90.41 കോടി രൂപ അനുവദിച്ചു. പദ്ധതിത്തുകയുടെ 25 ശതമാനം സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയുമുണ്ട്‌.

ഭദ്രതപേൾ വായ്‌പയ്‌ക്ക്‌ കുടുംബശ്രീ സിഡിഎസ്‌ വഴിയും മൈക്രോ വായ്‌പയ്‌ക്ക്‌ കെഎസ്എഫ്ഇ, കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാം. എൻഡിപിആർഇഎം വഴി 81.65 കോടി രൂപ വായ്‌പയ്‌ക്കും 19 കോടി രൂപ സബ്‌സിഡിക്കുമായി ചെലവഴിച്ചു. മുൻവർഷം 782 സംരംഭത്തിനാണ് വായ്‌പ അനുവദിച്ചത്. www.norkaroots.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കെ.എസ്.ഐ.ഡി.സി വഴി രണ്ടു കോടിവരെ വായ്പ നൽകുന്ന ഭദ്രത-മെഗാ വഴി രണ്ടു വായ്‌പ അനുവദിച്ചു. 1.98 കോടി രൂപയാണ്‌ നൽകിയത്‌. അഞ്ചു ശതമാനമാണ്‌ പലിശ. വനിതാ വികസന കോർപറേഷനുമായി ചേർന്ന്‌ വനിതാമിത്ര പദ്ധതിയും നടപ്പാക്കി. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌ത്‌ തിരിച്ചെത്തിയ വനിതകൾക്ക്‌ വായ്‌പ ലഭിക്കും.
ഫോൺ: 0471 2454585, 2454570, 9496015016.

Back to top button
error: