തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വയം വിരമിക്കലിനായി നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തളളി. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിനെ സ്പോട്സ്, യുവജനകാര്യ വകുപ്പിൽ സെക്രട്ടറിയായാണു നിയമിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി ശിവശങ്കറിനു നൽകിയിരുന്നു. സർവീസിൽ തുടർന്നു കൊണ്ടു കേന്ദ്ര ഏജൻസികൾക്കെതിരെ നിയമപോരാട്ടം നടത്താൻ കഴിയില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ വി.ആർ.എസ് ആപേക്ഷ നൽകിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ, സ്വർണക്കടത്തു കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കലിനു സാധിക്കില്ലെന്നു വ്യക്തമാക്കി അപേക്ഷ സർക്കാർ തള്ളി. ഐ.എ.എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതിപത്രം ആവശ്യമാണ്. കേസുള്ളതിനാൽ ഈ അനുമതി പത്രം ശിവശങ്കറിനു ലഭിക്കില്ല.
സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്ന് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ശിവശങ്കറിന്റെ ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15നാണ് അവസാനിച്ചത്. ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതു കണക്കിലെടുത്താണ് രണ്ടാമത് സസ്പെൻഡ് ചെയ്തത്. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ച് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.