മണര്‍കാട്: ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണമെന്ന് മോര്‍ അന്തോണിയോസ് ദയാറാധിപനും ജറുസലേം പാത്രിയര്‍ക്കല്‍ വികാരിയുമായ മാത്യൂസ് മോര്‍ തീമോത്തിയോസ്. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന ശുശ്രൂഷകള്‍ക്കും കുര്‍ബാനയ്ക്കും പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വിശ്വാസികള്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവരാജ്യത്തില്‍ താഴ്മയുള്ളവരാണ് വലിയവന്‍. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. യേശുക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ സത്യക്രിസ്ത്യാനികളാകുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു.
കത്തീഡ്രലിലെ ഹാശാ ശുശ്രൂഷള്‍ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി. കത്തീഡ്രലിലെ എല്ലാ പ്രധാന ശുശ്രൂഷകളും ഒണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 11നും 12നും രാവിലെ 5ന് പ്രഭാത നമസ്‌കാരവും 11.30ന് ഉച്ചനമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പെസഹാ ബുധനാഴ്ച്ചയായ 13ന് രാവിലെ 5ന് പ്രഭാത നമസ്‌കാരം, 11.30ന് ഉച്ചനമസ്‌കാരം, വൈകിട്ട് 5ന് സന്ധ്യാ-പാതിരാ നമസ്‌കാരം തുടര്‍ന്ന് പെസഹാ കുര്‍ബാന – മാത്യൂസ് മോര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മ്മികത്വം വഹിക്കും.