KeralaNEWS

പ്രാർത്ഥനകൾ വിഫലമായി; മലയാളി നഴ്‌സ്‌ നിമിഷപ്രിയ യമനിൽ തൂക്കുമരത്തിലേക്ക്

ലോകമെങ്ങുമുള്ള മലയാളികളുടെ മനമുരുകിയുള്ള പ്രാർത്ഥനകൾ വിഫലമായി!
മലയാളി നഴ്‌സ്‌ നിമിഷപ്രിയ യമൻ സെൻട്രൽ ജയിലിലെ കഴുമരത്തിലേക്ക്…
നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ യെമനിലെ അപ്പീൽക്കോടതിയും ഇന്ന് ശരിവച്ചു.
ഇനി ബാക്കിയുള്ളത് സുപ്രീംകോടതിയുടെ ഒരു ഫോർമൽ നടപടിക്രമം മാത്രമാണ്.അപ്പീൽ കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ഒരിക്കലും പുനഃപരിശോധിക്കില്ല. അപ്പീൽ കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന് മാത്രമാകും സുപ്രീംകോടതി പരിശോധിക്കുക.
അതായത് ഇന്ത്യ ഗവണ്മെന്റ് ഉന്നതങ്ങളിൽ നിന്ന് യമൻ സർക്കാരിൽ ശക്തമായ നയതന്ത്രസമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിമിഷപ്രിയയുടെ ജീവൻ യമൻ സനാ സെൻട്രൽ ജയിലിലെ തൂക്കുമരത്തിൽ അവസാനിക്കും.ഒരു പിഞ്ചുകുഞ്ഞിന് അമ്മയില്ലാതെയാകും.പാലക്കാട്‌ കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ.
 ഈ വിഷയത്തിൽ നയതന്ത്രതലത്തിൽ കേന്ദ്രസർക്കാർ ഇടപെടലുകൾ ഉണ്ടാകണം. അതിനായി UNA, TNAI, IPNA പോലെയുള്ള നഴ്സിംഗ് സംഘടനകൾ കേരളസർക്കാരിലും കേന്ദ്രസർക്കാരിലും കടുത്ത സമ്മർദ്ദം ചെലുത്തണം.അതിനായി ഈ വിഷയം എല്ലാവരിലേക്കും എത്തണം.കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അവർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകിയാൽ നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നാണ് ലഭിക്കുന്ന വിവരം.
മന:പ്പൂർവ്വം കൊല്ലണം എന്ന ഉദ്ദേശത്തോടെ ചെയ്തതല്ല നിമിഷപ്രിയ ഈ കൊലപാതകം. ക്രൂരമായ ശാരീരികപീഡനങ്ങൾ സഹിക്കാനാവാതെ ചെയ്ത് പോയതാണ്.പക്ഷേ യമനിലെ നിയമങ്ങൾ നമ്മുടെ നാട്ടിലേതുപോലെയല്ല. ആത്മരക്ഷാർത്ഥം ഒരാളെ കൊന്നാലും അവിടെ കടുത്ത ശിക്ഷ തന്നെയാണ്.
എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി ശിക്ഷ ഇളവ് ചെയ്യണം എന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.ഇത്തരം വാദങ്ങളൊക്കെ സാധാരണഗതിയിൽ കോടതിയിൽ നിലനിൽക്കില്ല എന്നതിനാൽത്തന്നെ കേന്ദ്രസർക്കാർ തലത്തിലുള്ള കടുത്ത നയതന്ത്രസമ്മർദ്ദങ്ങളും മാത്രമേ  ഇനി ഫലം ചെയ്യാൻ സാധ്യതയുള്ളൂ…
യമനിൽ തന്നെ നിരന്തരം കടുത്തശാരീരികപീഡനങ്ങൾക്ക് ഇരയാക്കുകയും തന്റെ സ്വർണ്ണം അടക്കമുള്ള സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത യമനി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു എന്നതായിരുന്നു നിമിഷപ്രിയയ്ക്കെതിരായ കേസ്.2017- ലായിരുന്നു സംഭവം.
യമനിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന നിമിഷപ്രിയ അവിടെ വച്ചു പരിചയപ്പെട്ട തലാൽ അബ്ദു മെഹ്‌ദി എന്ന യമൻ പൗരനെ ബിസിനസ്സ് പങ്കാളിയാക്കിക്കൊണ്ട് സ്വന്തമായി ക്ലിനിക് തുടങ്ങുകയായിരുന്നു.എന്നാൽ കുറച്ച് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴേക്കും ബിസിനസ്സിൽ ഉണ്ടായ ലാഭവും നിമിഷപ്രിയയുടെ സ്വർണ്ണവും മറ്റു സമ്പാദ്യങ്ങളും ഉൾപ്പെടെ എല്ലാം തട്ടിയെടുത്ത യമനി പൗരൻ ക്രൂരമായ ശാരീരികപീഡനങ്ങളും ആരംഭിച്ചു. ഇതിനിടയിൽ നിയമനടപടികൾക്ക് പോയ നിമിഷപ്രിയയെ വിവാഹം കഴിച്ചതായുള്ള വ്യാജരേഖകളും ഇയാൾ ഉണ്ടാക്കിയതായാണ് വിവരം.
ഇങ്ങനെ ക്രൂരമായ പീഡനം സഹിക്കവയ്യാതെ വന്നപ്പോൾ  മയക്കത്തിനുള്ള ഇഞ്ചക്ഷൻ നൽകിയതാണ് മരണകാരണം.ഇതോടെ ഭയന്നുപോയ നിമിഷപ്രിയ സഹപ്രവർത്തകയുടെ സഹായത്തോടെ മൃതദേഹം വെട്ടി നുറുക്കി താമസസ്ഥലത്തെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു.
 അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം  കണ്ടുപിടിക്കപ്പെട്ടത്. ഈ കേസിൽ നിമിഷപ്രിയയെ സഹായിച്ചു എന്ന കുറ്റത്തിന് സഹപ്രവർത്തകയായിരുന്ന യമനി നഴ്‌സ്‌ ഹനാനും വിചാരണ നേരിടുന്നുണ്ട്. യമൻ തലസ്ഥാനമായ സനായിലെ ജയിലിൽ ആണ് നിമിഷപ്രിയ ഇപ്പോൾ ഉള്ളത്.
ഭർത്താവ് ടോമി ഇടുക്കി തൊടുപുഴ സ്വദേശിയാണ്.ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ്  നിമിഷപ്രിയയും ടോമിയും വിവാഹിതരായത്.ഇവർക്ക് ഒരു മകളും ഉണ്ട്.
ആത്മരക്ഷാർത്ഥം ചെയ്ത് പോയ കുറ്റമാണെന്നും തന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം എന്നും കാണിച്ച് നിമിഷപ്രിയ കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ട്.എന്നാൽ സാധാരണ ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുന്ന ഔപചാരികമായ ഇടപെടലുകൾ അല്ലാതെ യമൻ സർക്കാരിൽ നയതന്ത്ര തലത്തിൽ സമ്മർദ്ദം ചെലുത്തുന്ന യാതൊരുവിധ ഇടപെടലും ഭാരതസർക്കാരിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
അങ്ങനെ ഉണ്ടാകാനായി കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും മാധ്യമങ്ങളും നഴ്സിംഗ് സംഘടനകളും ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയേ മതിയാകൂ.. അല്ലെങ്കിൽ ഒരു പിഞ്ചുകുഞ്ഞിന് അതിന്റെ അമ്മയെയാകും നഷ്ടമാകുന്നത്.
വധശിക്ഷയാണ്, നഴ്‌സ്‌ ആണ്, മലയാളിയാണ്, ഒരു പിഞ്ചുകുഞ്ഞിന്റെ അമ്മയാണ്.. ആ ജീവൻ ഒന്നു രക്ഷപെടാൻ നമ്മളെല്ലാവരും ആത്മാർത്ഥമായി ശ്രമിക്കേണ്ടതുണ്ട്.

Back to top button
error: