KeralaNEWS

ലെയ്സ് പോലെയുള്ള ചിപ്സ് പായ്ക്കറ്റുകളിൽ വായു അടിച്ചു കയറ്റുന്നതിന്റെ കാരണം അറിയാമോ ?

വായു കയറ്റി വീർപ്പിച്ച വലിപ്പമേറിയ ചിപ്‌സ് പാക്കറ്റുകൾ കണ്ടു കമ്പനികളുടെ കൊള്ളയടി എന്ന് മനസ്സിലെങ്കിലും ഓർക്കാത്തവർ ഉണ്ടാകില്ല.ശരിക്കും കൊള്ളയടി ആണോ ഇത്? ചിലർ വീർത്ത പാക്കറ്റിൽ കൂടുതൽ ഉത്പന്നം ഉണ്ടെന്നു ധരിച്ചു വാങ്ങുന്നു.ചില വിരുതന്മാർ വായു നിറക്കാത്ത ചിപ്‌സ് പായ്ക്കറ്റുകൾ നോക്കി വാങ്ങുന്നു.ശരിക്കും ഈ കമ്പനികൾ നമ്മളെ പറ്റിക്കുകയാണോ? തീർച്ചയായും അല്ല എന്നാണ് ഉത്തരം.
ഓരോ ഉല്പന്നത്തിനും വില ഈടാക്കുന്നത് അതിന്റെ ഭാരം നോക്കിയാണ്.അത് വ്യക്തമായി കവറിന്റെ പുറത്തു രേഖപ്പെടുത്തിയിട്ടുമുണ്ടാകും. അകത്തുള്ള വായുവിന്റെ ഭാരം അപ്പോഴും തുച്ഛമായിരിക്കും എന്നും ഓർക്കുക.സ്ലാക്ക് ഫിൽ (slack fill) എന്നറിയപ്പെടുന്ന ഈ പാക്കിങ്‌ രീതി ഉപഭോക്താവിനെ പറ്റിക്കാൻ ഉള്ളതല്ല. ഇതിനു പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങൾ ഉണ്ട്.
യഥാർത്ഥത്തിൽ ഇത് വെറും ഗ്യാസ് അല്ല, മറിച്ച് നൈട്രജൻ ആണ്. പൊട്ടറ്റോ ചിപ്സും മറ്റും ഫാക്ടറിയിൽ നിന്നും ഉപഭോക്താക്കളുടെ കൈയിലെത്തുന്നതിനിടയ്ക്ക്  പലരീതിയിൽ കൈമാറ്റം ഉണ്ടാവും.അപ്പോൾ ഇത് ഉടഞ്ഞു പൊടിഞ്ഞു പോകാതിരിക്കാൻ ഈ ഗ്യാസ് ഒരു കുഷ്യനിങ് പോലെ സഹായിക്കുന്നു.
പക്ഷേ നൈട്രജൻ ഉപയോഗിക്കുന്നതിന്റെ പ്രധാന ഉദ്ദേശം ഇതൊന്നുമല്ല.വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ അന്തരീക്ഷ ഓക്സിജന്റെ സാന്നിധ്യത്തിൽ വളരെ പെട്ടെന്നു കേടായി പോകും. എയറോബിക് ബാക്ടീരിയകൾ ആണ് ഈ പണി പറ്റിക്കുന്നത്.നമ്മൾ വീട്ടിൽ വറുക്കുന്ന ചിപ്സ് പെട്ടെന്ന് കേടായി പോകുന്നത് ഇതുകൊണ്ടാണ്.നൈട്രജൻ നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം ബാക്ടീരിയകൾക്ക് ഒട്ടും പ്രവർത്തിക്കാൻ സാധിക്കയില്ല.തന്നെയുമല്ല ഓക്സിജൻ ഇല്ലാത്തതിനാൽ ബാക്ടീരിയകൾക്ക് വളരാനും പെരുകാനും സാഹചര്യം ഉണ്ടാകുകയുമില്ല.അതുകൊണ്ടാണ് ‘മോഡിഫൈഡ് അറ്റമോസ്‌ഫെറിക് പാക്കേജിങ് ‘എന്നറിയപ്പെടുന്ന ഈർപ്പരഹിത നൈട്രജൻ നിറച്ച പാക്കിങ് രീതി കമ്പനികൾ അവലംബിക്കുന്നത്.
മൂന്നാമത്- അന്തരീക്ഷ വായുവിലെ ഈർപ്പം മൂലം ചിപ്സിന്റെ
ക്രിസ്‌പിനെസ്സ് (crispiness) പെട്ടെന്ന് നഷ്ടപ്പെടും.പാക്കിലെ ഈർപ്പരഹിത നൈട്രജൻ സാഹചര്യത്തിൽ ഈ അവസ്ഥ ഉണ്ടാകില്ല. ഉപഭോക്താവിന്റെ കൈയ്യിൽ ഫ്രഷ് ക്രിസ്‌പി ആയുള്ള ചിപ്സ് ഒട്ടും പൊടിയാതെ തന്നെ എത്തുന്നു എന്നർത്ഥം.
 ഇനി കവർ പൊട്ടിക്കുമ്പോൾ നൈട്രജനെ പേടിച്ചു മൂക്ക് പൊത്തേണ്ട കാര്യവുമില്ല.നമ്മൾ ശ്വസിക്കുന്ന വായുവിൽ 78% നൈട്രജൻ ഉണ്ട്.പിന്നെ മൂപ്പർ വളരെ നിഷ്ക്രിയൻ ആണ്.അതുകൊണ്ട് മറ്റു രാസപദാർഥങ്ങൾ preservative ആയി ചേർക്കുന്നത് പോലുള്ള ദൂഷ്യം ഭക്ഷണത്തിന് ഉണ്ടാകുന്നില്ല.പക്ഷെ ചിപ്സ് വാങ്ങുമ്പോൾ വൃത്തിയുള്ള യഥാക്രമം പാക്ക് ചെയ്ത ചിപ്സ്‌ തന്നെ നോക്കി വാങ്ങാൻ മറക്കരുത്.
വാൽക്കഷണം: വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ അധികമായാൽ ആരോഗ്യത്തിന് ഹാനികരം

Back to top button
error: