കോട്ടയം: സി.എം.എസ്. കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രിന്‍സിപ്പല്‍ റവ. എം.സി. ജോണ്‍ ശതാബ്ദി നിറവില്‍. പാശ്ചാത്യമിഷനറിമാര്‍ക്കു ശേഷം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പലാകുന്ന ആദ്യ മലയാളി വൈദികനാണ് എം.സി. ജോണച്ചന്‍. 1923 ഫെബ്രുവരി 24ന് നെടുങ്ങാടപ്പള്ളി മുല്ലപ്പള്ളില്‍ കുടുംബത്തില്‍ ജനിച്ച ജോണച്ചന്‍ ചങ്ങനാശേരി എസ്.ബി. കോളേജ്, അലഹബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം പെരുമ്പാവൂര്‍, ശ്രീലങ്കയിലെ ജാഫ്ന എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.1955ല്‍ സി.എം.എസ്. കോളേജ് ബോട്ടണി അധ്യാപകനായി സേവനമാരംഭിച്ച അദ്ദേഹം, ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു ശേഷം 1967ലാണ് പൗരോഹിത്യത്തിലേക്കു കടക്കുന്നത്. അധ്യാപനത്തോടൊപ്പം കോളേജ് ചാപ്ലൈന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1975 മുതല്‍ കോളജ് ബര്‍സാറായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് എം. തോമസില്‍നിന്ന് 1977ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. വിദേശസഹായത്തോടെ പുതിയ കെട്ടിടങ്ങള്‍ കാമ്പസില്‍ പടുത്തുയര്‍ത്താന്‍ അച്ചന്‍ നേതൃത്വം നല്‍കി. കോളേജിലെ സ്ഥാപക പ്രിന്‍സിപ്പലിന്റെ സ്മരണാര്‍ത്ഥം ബഞ്ചമിന്‍ ബെയ്ലി വാര്‍ഷിക പ്രഭാഷണ പരമ്പര ആരംഭിച്ചത് അച്ചന്‍ പ്രിന്‍സിപ്പലായിരുന്ന സമയത്താണ്. കോളേജിന്റെ അക്കാദമിക് മികവിനായി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. പുതിയ കാലത്തിന്റെ മാറ്റത്തിനനുസരിച്ചു കോളേജ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയങ്ങളായ മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം 1983 ല്‍ വിരമിച്ചു.
ഭാര്യ മേരി ജോണിനോടൊപ്പം മൂലേടത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. മക്കള്‍: രശ്മി ജോര്‍ജ്, ഡോ. ചെറിയാന്‍ ജോണ്‍, ഡോ. ഫിലിപ്പ് ജോണ്‍.
അച്ചന്റെ വിദ്യാര്‍ഥിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ചു. സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മഹായിടവക വൈദിക സെക്രട്ടറി റവ. നെല്‍സണ്‍ ചാക്കോ എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ കോളേജിന്റെ ജന്മദിനോപഹാരം നല്‍കി. അച്ചന്റെ കാലഘട്ടത്തിലും ഇപ്പോഴും കോളേജുമായി ബന്ധമുള്ളവരുടെ ആശംസകള്‍ ചേര്‍ത്ത് ഒരു വീഡിയോ സി.എം.എസ്. കോളേജ് യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പിറന്നാള്‍ ദിനത്തില്‍ ഭവനത്തില്‍ ക്രമീകരിക്കുന്ന സ്വകാര്യ സ്‌തോത്ര പ്രാര്‍ഥനാശുശ്രൂഷയ്ക്ക് സി.എസ്.ഐ. ബിഷപ് എമെറിറ്റസ് റൈറ്റ് റവ. തോമസ് സമുവേല്‍ നേതൃത്വം നല്‍കും.
ശതാബ്ദി ആഘോഷിക്കുന്ന റവ. എം.സി. ജോണച്ചന് അദ്ദേഹത്തിന്റെ വിദ്യാര്‍ഥി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശംസകള്‍ അര്‍പ്പിക്കുന്നു.