രണ്ട് പെണ്‍കുട്ടികള്‍ ചാടിപ്പോയി; മണിക്കറുകള്‍ക്കകം പടിയിലായി
തൃശൂര്‍: സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് ജില്ല വിട്ട് പോയ ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് വിദ്യാര്‍ഥിനികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.
തൃശൂര്‍ രാമവര്‍മപുരത്തുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് വിദ്യാര്‍ഥിനികളാണ് ക്ലാസ്സ് കട്ട് ചെയ്ത് നാടുവിട്ടുപോയത്. തൃശൂരില്‍ നിന്നും കടന്നുകളഞ്ഞ ഇവരെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
നഗരത്തിലെ പ്രശസ്തമായ സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നുമാണ് ഇവര്‍ ചാടി പോയത്.
പോക്‌സോ കേസിലെ ഇരകളായ രണ്ടുപേരെയും ചില്‍ഡ്രന്‍സ് ഹോമിലെ വാഹനത്തിലാണ് സ്‌കൂളിലും കോളേജിലും എത്തിച്ച് തിരികെ കൊണ്ടുപോകാറുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ്സ് കഴിഞ്ഞ് വാഹനം എത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.
കുട്ടികളെ കാണാനില്ലെന്ന വിവരം ഉടന്‍ ഈസ്റ്റ് പോലീസിലും വെസ്റ്റ് പോലീസിലും ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരും അധ്യാപകരും അറിയിച്ചു.
രണ്ടു സ്‌റ്റേഷനുകളില്‍ നിന്നും വിവരം റെയില്‍വേ പോലീസിന് ഉടനടി കൈമാറി. ട്രെയിനുകളില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി പോയിരുന്ന പോലീസുകാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശ പ്രകാരം അവര്‍ ട്രെയിനില്‍ പരിശോധന നടത്തുമ്പോള്‍ ആലുവയില്‍ വെച്ചാണ് രണ്ടു കുട്ടികളും പിടിയിലായത്. എറണാകുളത്തും ആലപ്പുഴയിലുമാണ് ഇവരുടെ വീടുകള്‍. ഇരുവരും തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള ശ്രമമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ മാറ്റി.