കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോർമോൺ ആണ്.തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോർമോണിലെ ഈ ഏറ്റക്കുറച്ചിലുകൾ സങ്കീർണമായി പല ശാരീരികപ്രശ്നങ്ങൾക്കും വഴിവെക്കുന്നതിന് കാരണമാകുന്നു.
ഹോർമോണിന്റെ തോത് കുറയുന്നതിന്റെ ഫലമായി ആളുകളിൽ അമിതമായി ക്ഷീണം, ഭക്ഷണം കഴിക്കുന്നില്ലെങ്കിലും അമിതവണ്ണം ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നു.പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതൽ കാണപ്പെടുന്നത്.ഹോർമോണുകൾ കുറയുന്നതിലൂടെ സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റാനും ആർത്തവ ദിവസങ്ങളിൽ അമിതരക്തസ്രാവം ഉണ്ടാവാനും വഴിയൊരുക്കും. വന്ധ്യതയ്ക്കുള്ള വലിയ സാധ്യതയും ഈ അവസ്ഥയിൽ ഉണ്ടാവുന്നുണ്ട്. മലബന്ധം, ശബ്ദത്തിന് പതർച്ച, അമിത തണുപ്പ്, മുഖത്തും കാലിനും നീരുകെട്ടുക, മുടികൊഴിയുക തുടങ്ങിയവ ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാവാം.ചെറുപ്പക്കാരായ സ്ത്രീകളിൽ ഈ രോഗം വന്ധ്യതയ്ക്കും ഗർഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളിൽ ചിലപ്പോൾ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളിൽ മലബന്ധമാവും പ്രധാനലക്ഷണം. കൂടാതെ മാനസികവും ശാരീരികവുമായ വളർച്ചക്കുറവ് എന്നിവയും പ്രകടമായേക്കാം.
അയഡിന്റെ കുറവാണ് തൈറോയിഡ് ഹോർമോണുകളിൽ വ്യതിയാനം ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമെങ്കിലും ശരീരത്തിലെ കോശങ്ങൾക്കെതിരെ ശരീരം തന്നെ പ്രതിരോധം തീർക്കുന്ന ഓട്ടോ ആന്റി ബോഡിയിലുണ്ടാവുന്ന വ്യതിയാനങ്ങൾ ഗോയിറ്ററിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തൈറോയിഡ് പ്രശ്നങ്ങൾക്കോ കാരണമായേക്കാം.രക്തത്തിലെ തൈറോയ്ഡ് ഹോർമോൺ അളക്കുന്നതുവഴി രോഗനിർണയം നടത്താവുന്നതാണ്. കൃത്രിമ തൈറോയ്ഡ് ഹോർമോൺ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡിസം ചികിത്സിക്കേണ്ടത്. ഈ മരുന്ന് ദീർഘകാലം ഉപയോഗിക്കേണ്ടിവരും. ഇടയ്ക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോർമോൺനില പരിശോധിച്ച് മരുന്നിന്റെ ഡോസ് ക്രമപ്പെടത്തുകയും വേണ്ടിവരും.