IndiaLead NewsNEWS

ഷവർമയിലും ഷൂസിലും ഒളിപ്പിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി; കെനിയക്കാരി അറസ്റ്റിൽ

മുംബൈ: 18 കെനിയന്‍ സ്ത്രീകളില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഷവര്‍മയിലും, കോഫീപൗഡറിലും ഷൂസുകളിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ 3.85 കിലോഗ്രാം വരുന്ന 1.55കോടിയുടെ സ്വര്‍ണമാണ് മുംബൈ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.

നെയ്‌റോബിയില്‍നിന്ന് ഷാര്‍ജ വഴി ഇന്ത്യയിലെത്തിയവരാണ് ഇവര്‍ ഒരേ വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. അനുവദനീയമായ അളവിലും കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്ന ഒരു സ്ത്രീയുടെ അറസ്റ്റ് എ.ഐ.യു രേഖപ്പെടുത്തി. കൈവശമുണ്ടായിരുന്ന ഉറവിടം വെളിപ്പെടുത്താത്ത സ്വര്‍ണം പിടിച്ചെടുത്ത ശേഷം മറ്റ് 17 സ്ത്രീകളെയും വിട്ടയച്ചു.

കെനിയയില്‍നിന്ന് കുറഞ്ഞ വിലക്ക് സ്വര്‍ണം വാങ്ങി മുംബൈയില്‍ വില്‍ക്കാന്‍ ശ്രമിച്ചവരാണ് ഇവരെന്നാണ് സൂചന. അതേസമയം,കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമല്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ പറയുന്നു.

Back to top button
error: